ന്യൂഡൽഹി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ജാമ്യം തേടി ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കമ്മീഷണറുമായ എൻ. വാസു സുപ്രിംകോടതിയിൽ. ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്താണ് അപ്പീൽ. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണവുമായി പൂർണ്ണമായി സഹകരിച്ചെന്നും, ഗൂഢാലോചനയിൽ പങ്കില്ലെന്നും സുപ്രീംകോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ എൻ വാസു ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ശൈത്യകാല അവധിയിലുള്ള സുപ്രിംകോടതി തിങ്കളാഴ്ചയോടെ ജാമ്യാപേക്ഷ പരിഗണിക്കും. ‘ദേവസ്വം കമ്മിഷണർ ആയിരുന്നപ്പോൾ എക്സിക്യുട്ടീവ് ഓഫീസർക്ക് ലഭിച്ച കത്ത് ബോർഡിന് കൈമാറുകയും, ദേവസ്വം പ്രസിഡന്റ് ആയിരുന്നപ്പോൾ ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് ലഭിച്ച ഒരു ഇ മെയിൽ വേണ്ടത്ര പരിശോധിച്ചില്ല എന്നതുമാണ് തനിക്ക് എതിരായ ആക്ഷേപം’ വാസു കോടതിയെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തോട് പൂർണ്ണമായി സഹകരിച്ചിട്ടുണ്ട്.


അതിനാൽ ഇനി കസ്റ്റഡി ആവശ്യമില്ലെന്നും അഭിഭാഷക ആൻ മാത്യൂ മുഖേന ഫയൽ ചെയ്ത ജാമ്യ ഹർജിയിൽ വാസു ചൂണ്ടിക്കാട്ടി. ശബരിമലയിലെ കട്ടിളപ്പാളികൾ സ്വർണമാണെന്ന് രേഖപ്പെടുത്തിയ രേഖകളില്ലെന്നായിരുന്നു ഹൈക്കോടതിയിൽ എൻ. വാസുവിന്റെ വാദം. നേരത്തെ, കൊല്ലം വിജിലൻസ് കോടതിയും എൻ. വാസുവിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തുവിട്ടതിൽ തനിക്ക് പങ്കില്ല. താൻ വിരമിച്ച ശേഷമാണ് പാളികൾ കൈമാറിയത്. ബോർഡിന്റെ ഉത്തരവ് ഇറങ്ങിയപ്പോഴും താൻ ചുമതലയിൽ ഉണ്ടായിരുന്നില്ലെന്നും വാസു കോടതിയിൽ വ്യക്തമാക്കിയിരുന്നു.























