പത്തനംതിട്ട: ദിവ്യയെ അറസ്റ്റ് ചെയ്യാൻ പൊലീസ് നടപടി സ്വീകരിക്കണമെന്ന് നവീൻബാബുവിന്റെ ഭാര്യ മഞ്ജുഷ ആവശ്യപ്പെട്ടു. ദിവ്യയ്ക്ക് പരമാവധി ശിക്ഷ ലഭിക്കണം. ദിവ്യയെ അറസ്റ്റ് ചെയ്യാൻ പൊലീസ് ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. ഞങ്ങളുടെ ആളുകൾ ചെല്ലുന്നതിനു മുമ്പേ തന്നെ നവീൻബാബുവിന്റെ ഇൻക്വസ്റ്റും പോസ്റ്റ് മോർട്ടവും നടത്തി. അതിൽ വീഴ്ചയുണ്ടോയെന്ന് അന്വേഷിക്കേണ്ടതാണെന്നും മഞ്ജുഷ പറഞ്ഞു. പി പി ദിവ്യയുടെ മുൻകൂർ ജാമ്യഹർജി തള്ളിയതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മഞ്ജുഷ. സ്റ്റാഫ് കൗൺസിൽ സംഘടിപ്പിച്ച യാത്രയയപ്പ് യോഗമാണ് നടന്നത്. ആ സംഭവത്തിൽ കലക്ടർ ഇടപെടേണ്ടതായിരുന്നു. യോഗത്തിൽ ദിവ്യയെ കൊണ്ടു വന്നിരുത്തി സംസാരിപ്പിക്കുകയോ, ലോക്കൽ ചാനലിനെ കൊണ്ടു വന്ന് റെക്കോർഡ് ചെയ്യിപ്പിക്കുകയോ ചെയ്തത് ശരിയായില്ല. കലക്ടർ ആയിരുന്നു യോഗത്തിന്റെ അധ്യക്ഷൻ. കലക്ടർ ഇടപെടേണ്ടതായിരുന്നു. ദിവ്യ പങ്കെടുക്കുമെന്ന കാര്യം കലക്ടർക്ക് നേരത്തെ അറിയാമായിരുന്നോ എന്ന ചോദ്യത്തിന്, കലക്ടറേറ്റിലെ ജീവനക്കാരോട് മാധ്യമങ്ങൾ അന്വേഷിക്കണം. തനിക്ക് ഇതിൽ വ്യക്തമായ അറിവില്ല എന്നായിരുന്നു മഞ്ജുഷയുടെ മറുപടി.

ഈ വേദിയിലല്ല അതു സംസാരിക്കേണ്ടതെന്ന് കലക്ടർക്ക് പറയാമായിരുന്നു. കലക്ടർക്ക് വേറെ വേദിയൊരുക്കാമായിരുന്നു. റവന്യൂ വകുപ്പിൽ ഏറ്റവും നല്ലനിലയിൽ ജോലി ചെയ്ത ഉദ്യോഗസ്ഥനായിരുന്നു നവീൻബാബു. ഇക്കാര്യം റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥർക്കെല്ലാം അറിയാം. പമ്പുമായി ബന്ധപ്പെട്ട് തന്നോടൊന്നും പറഞ്ഞിട്ടില്ല. മനപ്പൂർവം ഫയൽ താമസിപ്പിച്ചിട്ടില്ലെന്ന് പിന്നീട് തെളിഞ്ഞില്ലേ. നവീൻബാബുവിനെ മരണശേഷം മോശക്കാരനാക്കാൻ സോഷ്യൽമീഡിയയിലൂടെ ശ്രമിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന്, അതെല്ലാം നിങ്ങളെല്ലാം കണ്ടുകൊണ്ടിരിക്കുന്നതല്ലേയെന്ന് മഞ്ജുഷ പ്രതികരിച്ചു. ‘ഞങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിയെ തീർച്ചയായും അറസ്റ്റ് ചെയ്‌തേ പറ്റൂ. ആത്മഹത്യയെങ്കിൽ നോട്ട് ഉണ്ടാകേണ്ടതാണ്. പ്രതിയെ തീർച്ചയായും അറസ്റ്റ് ചെയ്യണം. കേസിൽ പ്രതിക്ക് പരമാവധി ശിക്ഷ കിട്ടുന്നതിനായി നിയമപോരാട്ടവുമായി ഏതറ്റം വരെയും പോകുമെന്നും’ നവീൻബാബുവിന്റെ ഭാര്യ മഞ്ജുഷ പറഞ്ഞു. എഡിഎമ്മിന്റെ മരണത്തിൽ പി പി ദിവ്യക്കെതിരെ ആഗ്രഹിച്ച വിധിയാണെന്ന് നവീൻബാബുവിന്റെ സഹോദരൻ പ്രവീൺ ബാബു പറഞ്ഞു. കേസിൽ ദിവ്യയെ അറസ്റ്റ് ചെയ്യാൻ തുടക്കം മുതലേ യാതൊരു വിലക്കുമില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

























