ഇൻഷുറൻസ് കമ്പനിയെ കബളിപ്പിച്ച് പണവും തട്ടി; ദൃഷാനയെ ഇടിച്ചിട്ട ഷെജീൽനെതിരെ വീണ്ടും കേസ്

കോഴിക്കോട്: വടകരയിൽ ഒൻപത് വയസുകാരിയെ വാഹനമിടിച്ച സംഭവത്തിൽ പ്രതി ഷെജീൽനെതിരെ വീണ്ടും കേസെടുത്തു. ഇൻഷുറൻസ് കമ്പനിയെ കബളിപ്പിച്ച് പണം തട്ടിയതിനാണ് കേസെടുത്തത്. വ്യാജരേഖ ചമച്ച് ഇൻഷുറൻസ് കമ്പനിയിൽ നിന്നും പണം തട്ടിയതിന് നാദാപുരം പൊലീസാണ് കേസെടുത്തത്. കാർ മതിലിടിച്ച് തകർന്നതാണെന്ന് ഇൻഷുറൻസ് കമ്പനിക്ക് തെറ്റായ വിവരങ്ങൾ നൽകി നഷ്ട പരിഹാരം വാങ്ങുകയുണ്ടായിരുന്നു. 30,000 രൂപയാണ് ഇൻഷുറൻസ് കമ്പനിയിൽ നിന്നും നഷ്ട പരിഹാരമായി വാങ്ങിയത്.

വാഹനമിടിച്ച് തലശ്ശേരി പന്ന്യന്നൂർ പഞ്ചായത്ത് ഓഫീസിനുസമീപം താമസിക്കുന്ന 62-കാരി പുത്തലത്ത് ബേബി മരിക്കുകയും മകളുടെ മകൾ ഒമ്പത് വയസ്സുകാരി ദൃഷാന ഗുരുതരമായി പരിക്കേറ്റ് കോമയിലാവുകയും ചെയ്ത സംഭവത്തിലെ പ്രതിയാണ് ഷെജീൽ. കഴിഞ്ഞ ഫെബ്രുവരി 17-ന് രാത്രി വടകരയ്ക്കു സമീപം ചോറോട് അമൃതാനന്ദമയീമഠം സ്റ്റോപ്പിലാണ് അപകടമുണ്ടായത്. രാത്രി ഒമ്പതുമണിയോടെ ചോറോടിലെ ബന്ധുവീട്ടിലേക്ക് പോകാനായി ബസ്സിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് വെള്ളനിറത്തിലുള്ള കാർ ഇരുവരെയും ഇടിച്ചുവീഴ്ത്തിയത്. കാർ നിർത്താതെ പോയി.

ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ബേബി മരിച്ചു. ദൃഷാന അബോധാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കണ്ണൂർ മേലെ ചൊവ്വ വടക്കൻ കോവിൽ സുധീറിന്റെയും സ്മിതയുടെയും മകളാണ് ദൃഷാന. അപകടം നടന്നശേഷം പോലീസ് സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചിരുന്നെങ്കിലും തെളിവൊന്നും കിട്ടിയിരുന്നില്ല. പിന്നീട് അന്വേഷണം ഇഴഞ്ഞു. ഇതോടെ ബന്ധുക്കൾ മുഖ്യമന്ത്രി ഉൾപ്പെടെയുളളവർക്ക് പരാതി നൽകി. തുടർന്നാണ് വീണ്ടും അന്വേഷണം ഊർജിതമായത്.

തുടർന്നാണ് ഇടിച്ചിട്ട കാർ കണ്ടെത്തിയത്. അന്നേദിവസം തലശ്ശേരി ഭാഗത്തേക്ക് പോയ മാരുതി സ്വിഫ്റ്റ് കാർ തിരിച്ചറിയുകയായിരുന്നു. വാഹനമോടിച്ച ആർ.സി. ഉടമ പുറമേരി സ്വദേശി ഷജീൽ ഇതിനിടെ വിദേശത്തേക്ക് കടന്നിരുന്നു. അശ്രദ്ധമായി വാഹനമോടിക്കുകയും അപകടമുണ്ടാക്കുകയുമായിരുന്നു. അപകടം നടന്നശേഷം പിടിക്കപ്പെടുമെന്ന് കരുതി രക്ഷപ്പെട്ട ഇയാൾ പിന്നിട് കാർ രൂപമാറ്റം വരുത്തി. അന്ന് പോലീസിന് കിട്ടിയ ദൃശ്യത്തിലുണ്ടായിരുന്ന വെള്ള സ്വിഫ്റ്റ് കാറിന് സമാനമായ വാഹനം ഇൻഷുറൻസ് ക്ലയിം ചെയ്യാൻ വന്നതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് അപകടമുണ്ടാക്കിയ കാറാണെന്ന് വ്യക്തമായത്.