നാളെ അനുവിന്റെ ജന്മദിനം ; എട്ട് വർഷത്തെ പ്രണയത്തിനൊടുവിൽ 15 നാൾ മുമ്പ് വിവാഹം നടന്ന പള്ളിയിൽ സംസ്‌കാരവും

പത്തനംതിട്ട: പത്തനംതിട്ട കോന്നി മുറിഞ്ഞകല്ലിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച അനുവിന്റെ ജന്മദിനമാണ് നാളെ. ക്രിസ്തുമസും ന്യൂഇയറും കുടുംബത്തോടൊപ്പം ആഘോഷിക്കാൻ എത്തിയതായിരുന്നു അവർ. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ കലഞ്ഞൂർ മുറിഞ്ഞകല്ലിൽ ശബരിമല തീർത്ഥാടകരുടെ ബസ്സിലേക്ക് കാർ ഇടിച്ചുകയറിയുണ്ടായ അപകടത്തിലാണ് കുടുംബത്തിനെയും നാടിനെയുെ ഒന്നാകെ വേദനയിലാഴ്ത്തി നവദമ്പതിമാരും അച്ഛന്മാരും മരണപ്പെട്ടത്.

എട്ട് വർഷം നീണ്ട പ്രണയത്തിനൊടുവിൽ 15 ദിവസങ്ങൾക്ക് മുമ്പ് ബന്ധുക്കളുടെയും പ്രിയപ്പെട്ടവരുടെയും അനു​ഗ്രഹശിസ്സുകളോടെ വിവാഹം. ഒന്നിച്ചുള്ള അനുവിന്റെ പിറന്നാളും ആദ്യ ക്രിസ്മസിനുമായി ഇരു വീടുകളും ഒരുങ്ങിയിരുന്നു. നക്ഷത്രവും സ്റ്റാറുമായി സന്തോഷത്തിന്റെ നിമിഷങ്ങൾ.

15 ദിവസങ്ങൾക്ക് മുമ്പ് വിവാഹം നടന്ന അതേ പള്ളിയിലാണ് അവസാന യാത്രയ്ക്കായി അവരെത്തുന്നത്. നാലു പേരുടെയും ഇടവക ദേവാലയം. കുട്ടിക്കാലം മുതലുള്ള ഓർമകൾ ഉറങ്ങുന്നിടം. ഏറെ കാലത്തെ പ്രണയത്തിനൊടുവിൽ ഏവരുടെയും അനു​ഗ്രഹത്തോടെ നിഖിലിന്റെ കൈപിടിച്ച് അനു ആ ദേവാലയത്തിലായിരുന്നപ്പോൾ ഇരുവരും കുടുംബവും ഒന്നാകെ സന്തോഷകരമായ ജീവിതം ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തിരിക്കണം.

വിദേശത്ത് നിന്നും ബന്ധുക്കൾ എത്തിയതിന് ശേഷമായിരിക്കും സംസ്കാര ചടങ്ങുകൾ നടത്തുകയെന്ന് ബന്ധുക്കൾ അറിയിച്ചു. ഒരേ ദിവസം തന്നെ സംസ്കാര ശുശ്രൂഷകൾ നടത്താനാണ് ആലോചിക്കുന്നത്.പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്.

വിവാഹശേഷം മലേഷ്യയിൽ മധുവിധു ആഘോഷിച്ചശേഷം നാട്ടിലേക്ക് മടങ്ങുമ്പോഴാണ് നവദമ്പതികൾ അപകടത്തിൽപ്പെട്ടത്. ഇരുവരേയും സ്വീകരിക്കാനായി പോയ രണ്ടുപേരുടെയും അച്ഛന്മാരും അപകടത്തിൽ മരിച്ചു.