കോഴിക്കോട്: കൊയിലാണ്ടിയിൽ നവജാതശിശുവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. പൊക്കിൾക്കൊടി പോലും മാറ്റാത്ത നിലയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലർച്ചെ മീൻ പിടിക്കാൻ പോയവരാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലർച്ചെ 1.30ഓടെയാണ് മൃതദേഹം ലഭിച്ചത്. പൊലീസും ഫയർ ഫോഴ്‌സുമെത്തിയാണ് പുഴയിൽ നിന്ന് മൃതദേഹം പുറത്തെടുത്തത്. പ്ലാസ്റ്റിക് കവർ ഒഴുകുകയാണെന്ന് വിചാരിച്ച് ആദ്യം മത്സ്യത്തൊഴിലാളികൾ ഇത് ഗൗരവമായി കണ്ടില്ലെങ്കിലും പിന്നീട് സംശയം തോന്നി അടുത്തേക്ക് ചെന്നപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹമാണെന്ന് കണ്ടെത്തിയത്. ആൺകുഞ്ഞിന്റെ മൃതദേഹമാണ് പുഴയിൽ കണ്ടെത്തിയത്.

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവത്തിൽ കൊയിലാണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. അടുത്തുള്ള ആശുപത്രികളിൽ ഇന്നലെ പ്രസവം നടന്ന സ്ത്രീകളെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം പുഴയിലെറിഞ്ഞതാകാമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

























