പൂച്ചാക്കൽ (ആലപ്പുഴ): തകഴിയിൽ നവജാത ശിശുവിന്റെ മര ണത്തില്‍ കൂടുതൽ വിവിരങ്ങൾ പുറത്ത്. കുഞ്ഞിന്റെ അമ്മയായ ഡോണ ജോജി (22) നേരത്തേ ഗർഭഛിദ്രം ചെയ്യാൻ ശ്രമം നടത്തിയെന്ന് വിവരം. ഗർഭഛിദ്ര ശ്രമം പരാജയപ്പെട്ടപ്പോഴാണു രഹസ്യമായി പ്രസവിച്ച ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കാം എന്നതിലേക്കു ഡോണയും കുഞ്ഞിന്റെ അച്ഛനായ തോമസ് ജോസഫും എത്തിയത്. ഡോണ ഗർഭഛിദ്രത്തിനായി ഗുളികകൾ കഴിച്ചിരുന്നു. ഗർഭം അലസിയെന്നാണു കരുതിയതെന്നും ഇവർ പൊലീസിനോടു പറഞ്ഞു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ഡോണ പൊലീസ് നിരീക്ഷണത്തിലാണ്. കൂടുതൽ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകും. ഇരുവരുടെയും ഫോൺവിളി വിവരങ്ങൾ കോടതിയുടെ അനുവാദത്തോടെ പരിശോധിക്കാനും ആലോചിക്കുന്നു. ജനിച്ചു മണിക്കൂറുകൾ കഴിഞ്ഞാണു കുഞ്ഞിനെ ഡോണ കൊടുത്തുവിട്ടത്. കുഞ്ഞിനെ പാലൂട്ടിയതായി സൂചനയില്ല. പോളിത്തീൻ കവറിലാക്കിയാണു കൊടുത്തുവിട്ടത്. അപ്പോൾ ജീവനുണ്ടായിരുന്നെന്നു ഡോണയും മൃതദേഹമായിരുന്നെന്നു തോമസും മൊഴി നൽകി. ജനിച്ചപ്പോൾ കരഞ്ഞെന്നും പിന്നെ കരഞ്ഞില്ലെന്നുമാണു ഡോണ മൊഴി നല്‍കിയത്.

























