സമാധി വിവാദം; നെയ്യാറ്റിൻകരയിൽ ഗോപന്റെ മൃതദേഹം സംസ്കരിച്ചു, ചടങ്ങുകൾ സന്ന്യാസിമാരുടെ സന്നിധ്യത്തിൽ

തിരുവനന്തപുരം: വിവാദത്തെ തുടർന്ന് നെയ്യാറ്റിൻകരയിൽ കല്ലറ തുറന്ന് പുറത്തെടുത്ത ഗോപൻ്റെ മൃതദേഹം സംസ്കരിച്ചു. പൊളിച്ച കല്ലറയ്ക്ക് സമീപം പുതിയ കല്ലറ തീർത്തായിരുന്നു ചടങ്ങുകൾ. നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ നിന്ന് നാമജപയാത്രയോടെ മൃതദേഹം വീട്ടിൽ എത്തിച്ചത്. മതാചാര്യന്മാരുടെ സാന്നിധ്യത്തിൽ നടത്തിയ ചടങ്ങിൽ ഗോപൻ്റെ രണ്ട് മക്കളും പങ്കെടുത്തു. സമാധി വിഷയം വിവാദമായപ്പോൾ ഒരു വിഭാഗത്തിനെതിരെ നടത്തിയ പരാമർശത്തിൽ ഗോപൻ്റെ മകൻ സനന്ദൻ മാപ്പ് ചോദിച്ചു. അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും സനന്ദൻ പറഞ്ഞു. ഗോപന്‍റെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കൂടി ഇനി വരാനുണ്ട്. ശേഷം മരണത്തിലെ അന്വേഷണം ശക്തമാക്കാനാണ് പൊലീസ് നീക്കം. അടുത്ത ദിവസങ്ങളിൽ കുടുംബാംഗങ്ങളുടെ മൊഴി വീണ്ടും രേഖപ്പെടുത്തും.

ഇന്നലെ രാവിലെ ഒൻപതു മണിയോടെ പൊലീസും ജില്ലാ ഭരണകൂടവും നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു. എന്നാൽ പോസ്റ്റ്‍മോർട്ടത്തിൽ പ്രാഥമിക ഘട്ടത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് കണ്ടെത്തൽ.