കോഴിക്കോട് : നിപ ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരൻ മരിച്ചു. ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചാണ് മരണം. ഇക്കഴിഞ്ഞ 15ആം തീയതി മുതല്‍ രോഗലക്ഷണങ്ങള്‍ കണ്ട കുട്ടിയെ ആദ്യം പാണ്ടിക്കാട്ടെ ക്ളിനിക്കിലും പിന്നീട് രണ്ട് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ച ശേഷമാണ് കോഴിക്കോട് മിംസ് ആശുപത്രിയിലെത്തിച്ചത്. ഇവിടെ വെച്ചാണ് നിപ സംശയമുണ്ടാകുകയും ശ്രവം പരിശോധനയ്ക്ക് അയച്ചതും. നിപ സ്ഥിരീകരിച്ചതിന് പിന്നാലെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. 14കാരനുമായി സമ്പര്‍ക്കം ഉണ്ടായ ഒരാള്‍ക്കും രോഗലക്ഷണങ്ങളുണ്ട്.

പാണ്ടിക്കാട് പഞ്ചായത്തിലെ ചെമ്പ്രശേരി സ്വദേശിയായ ഒമ്പതാം ക്ളാസ് വിദ്യാര്‍ത്ഥി സ്കൂളില്‍ നിന്ന് കൂട്ടുകാര്‍ക്കൊപ്പം വിനോദയാത്രയ്ക്ക് പോയപ്പോള്‍ കഴിച്ച അമ്പഴങ്ങയില്‍ നിന്ന് വൈറസ് ബാധിച്ചെന്നാണ് പ്രാഥമിക നിഗമനം. 15 ന് മുതല്‍ രോഗലക്ഷണങ്ങള്‍ കണ്ട കുട്ടിക്ക് 20 നാണ് നിപ സ്ഥിരീകരിച്ചത്.

























