ചെന്നൈ: സ്വയം പ്രഖ്യാപിത ആൾദൈവമായ നിത്യാനന്ദയുടെ മരണവാർത്ത നിഷേധിച്ച് പ്രസ്താവന പുറത്തിറക്കി അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ. നിത്യാനന്ദ പൂർണ ആരോഗ്യത്തോടെ സുരക്ഷിതനായി ഇരിക്കുന്നുവെന്നാണ് പ്രസ്താവനയിൽ അറിയിച്ചിരിക്കുന്നത്. നിത്യാനന്ദ ജീവിച്ചിരിക്കുന്നുവെന്ന് തെളിയിക്കുന്നതിനായി മാർച്ച് 30-ന് അദ്ദേഹം പങ്കെടുത്ത ഒരു പരിപാടിയുടെ ലൈവ് സ്ട്രീമിങ് ലിങ്കും കൈലാസ പ്രതിനിധികൾ പുറത്തുവിട്ടിട്ടുണ്ട്.

നിത്യാനന്ദയെ അപകീർത്തിപ്പെടുത്തുന്നതിനായി നടത്തുന്ന വ്യാജപ്രചാരണങ്ങളെ കൈലാസ ശക്തമായ അപലപിക്കുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു. നിത്യാനന്ദയുടെ സഹോദരിയുടെ മകനും ഏറ്റവുമടുത്ത അനുയായിയുമായ സുന്ദരേശ്വരന്റെ വെളിപ്പെടുത്തലിനെ തുടർന്നാണ് മരണവാർത്ത വ്യപകമായി പ്രചരിച്ചത്. സനാതനധർമം സ്ഥാപിക്കുന്നതിനുവേണ്ടി പോരാടിയ സ്വാമി ജീവത്യാഗംചെയ്തെന്നാണ് സുന്ദരേശ്വരൻ അറിയിച്ചത്.


നിത്യാനന്ദയുടെ മറ്റ് അനുയായികളെയും വീഡിയോ കോൺഫറൻസിങ്ങിലൂടെ സുന്ദരേശ്വരൻ മരണവിവരം അറിയിച്ചിരുന്നു. 2010-ൽ സിനിമാനടിക്കൊപ്പമുള്ള വീഡിയോ പുറത്തുവന്നതുമുതൽ വിവാദങ്ങളിൽ നിറഞ്ഞുനിന്ന നിത്യാനന്ദ 2019-ൽ ഇന്ത്യ വിട്ടിരുന്നു. തങ്ങളുടെ മൂന്നുമക്കളെ തട്ടിക്കൊണ്ടുപോയതായി തമിഴ് ദമ്പതിമാർ നൽകിയ പരാതിയിൽ ഗുജറാത്ത് പോലീസ് അറസ്റ്റിന് നടപടി ആരംഭിച്ചതിനെത്തുടർന്നായിരുന്നു രാജ്യംവിട്ടത്.























