ഓൺലൈൻ മദ്യമില്ല; ബെവ്കോ ശുപാർശ അം​ഗീകരിക്കേണ്ടതില്ലെന്ന് സർക്കാർ

തിരുവനന്തപുരം: മദ്യത്തിന്റെ ഡോർ ഡെലിവറി ശുപാർശ അം​ഗീകരിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി. ബെവ്കോ ശുപാർശ അം​ഗീകരിക്കേണ്ടതില്ലെന്ന് സർക്കാർ തലത്തിൽ ധാരണയായിട്ടുണ്ട്. തെരഞ്ഞെടുപ്പ് വർഷത്തിൽ വിവാദം വേണ്ടെന്ന നിലപാടിലാണ് സർക്കാർ. വീട്ടിലേക്ക് മദ്യം എത്തുന്നതിൽ ബാർ ഉടമകളും എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഓൺലൈനിലൂടെ മദ്യം വിൽക്കുന്നതിനുള്ള തീരുമാനവുമായി ഇന്നലെയാണ് ബെവ്കോ മുന്നോട്ട് വന്നത്. ഇതുസംബന്ധിച്ച വിശദമായ ശുപാർശ ബെവ്കോ എംഡി ഹർഷിത അത്തല്ലൂരി സർക്കാരിന് സമർപ്പിച്ചിരുന്നു. വരുമാന വർധനവ് ലക്ഷ്യമിട്ടാണ് ഓൺലൈനിലൂടെ നിബന്ധനകൾക്ക് വിധേയമായി മദ്യവിൽപ്പനക്കൊരുങ്ങുന്നത്.

ഓൺലൈൻ മദ്യവിൽപ്പനയ്ക്കായി ബെവ്‍കോ മൊബൈൽ ആപ്ലിക്കേഷനും തയ്യാറാക്കിയിരുന്നു. സ്വിഗ്ഗിയടക്കമുള്ള ഓൺലൈൻ ഡെലിവറി പ്ലാറ്റ്ഫോമുകൾ താത്പര്യം അറിയിച്ച് മുന്നോട്ടുവന്നിട്ടുണ്ടെന്നാണ് ബെവ്കോ എംഡി ഹർഷിത അത്തല്ലൂരി വ്യക്തമാക്കിയിരുന്നത്. മൂന്നുവർഷം മുമ്പും സർക്കാരിനോട് ഓൺലൈൻ മദ്യവിൽപ്പനയ്ക്ക് അനുമതി തേടിയിരുന്നു. എന്നാൽ, സർക്കാർ അനുമതി നൽകിയിരുന്നില്ല.

23വയസിന് മുകളിലുള്ളവർക്കായിരിക്കും ഓൺലൈനിൽ മദ്യം വാങ്ങാൻ കഴിയുക എന്നാണ് ശുപാർശയിൽ പറഞ്ഞിരുന്നത്. മദ്യം നൽകുന്നതിന് മുമ്പ് പ്രായം തെളിയിക്കുന്ന രേഖ നൽകണം. മദ്യവിൽപ്പന വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. വിനോദ സഞ്ചാരികളടക്കം വീര്യം കുറഞ്ഞ മദ്യം പുറത്തിറക്കണമെന്ന നിർദേശം മുന്നോട്ടുവെച്ചിട്ടുണ്ടെന്നാണ് ബെവ്കോ അധികൃതർ വ്യക്തമാക്കിയത്.