അന്ന് മൃതദേഹം വിട്ടുകിട്ടാൻ വള ഊരി നൽകി, ഇന്ന് ആംബുലൻസിന്റെ മുന്നിലോടി വഴിയൊരുക്കി; അപർണയുടെ നന്മ ഇതാദ്യമല്ല

തൃശൂർ: അവസരോചിത ഇടപെടലിലൂടെ രോ​ഗിയുടെ ജീവൻ രക്ഷിക്കാൻ ആംബുലൻസിന് വഴിയൊരുക്കിയ എസ്ഐ അപർണ ലവകുമാറിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നേരത്തെയും നിരാലംബരെ സഹായിച്ച വ്യക്തി എന്ന നിലയിൽ അപർണ ശ്രന്ധിക്കപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം അശ്വിനി ജംഗ്ഷനിലെ ഗതാഗതക്കുരുക്കിൽ കുടുങ്ങിയ ആംബുലൻസിന്റെ മുന്നിലോടി വഴിതെളിച്ചാണ് അപർണ ലവകുമാർ വീണ്ടും ശ്രദ്ധനേടിയത്. നിലവിൽ സിറ്റി വനിതാ പൊലീസ് സ്റ്റേഷനിൽ എഎസ്‌ഐയാണ്. അപർണ ആംബുലൻസിന്റെ മുന്നേ ഓടി വഴിയൊരുക്കുന്ന ദൃശ്യങ്ങൾ വൈറലാണ്. അത്യാസന്ന നിലയിലായ രോഗിയുമായി തൃശൂർ ദിശയിൽ നിന്നു മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു പോകുകയായിരുന്നു ആംബുലൻസ്. ഗതാഗതക്കുരുക്കു പതിവായ അശ്വിനി ജംഗ്ഷനിൽ എത്തിയതും വാഹനങ്ങൾക്കിടയിൽ പെട്ട് ആംബുലൻസിന് അനങ്ങാൻ കഴിയാതെയായി. പിന്നിലൂടെ ഓടിയെത്തിയ അപർണ ഏറെ പണിപ്പെട്ടു മുന്നിലോടിയാണു വാഹനങ്ങൾ നീക്കിയത്. ആംബുലൻസ് ഡ്രൈവർ ഫൈസലിനൊപ്പമുണ്ടായിരുന്ന ഇർഫാൻ പകർത്തിയ ദൃശ്യം പൊലീസിന്റെ ഔദ്യോഗിക സമൂഹമാധ്യമ പേജുകളിലടക്കം തരംഗമായി.

ഇതിന് മുൻപ് 2008ൽ ബന്ധുവിന്റെ അടിയേറ്റ് ചികിത്സയിൽ കഴിയുന്നതിനിടെ ഒരു സ്ത്രീ മരിച്ചു. അവരുടെ ഇൻക്വസ്റ്റ് തയ്യാറാക്കാനെത്തിയപ്പോഴാണ് അപർണ ആ നിർധന കുടുംബത്തെ പരിചയപ്പെട്ടത്. മൃതദേഹം വിട്ടുകിട്ടാൻ ബില്ലടയ്ക്കാൻ പണമില്ലാതെ വിഷമിക്കുകയായിരുന്നു കുടുംബം. മറ്റൊന്നും ആലോചിക്കാതെ അപർണ വള ഊരി നൽകി. വള പണയംവച്ച പൈസകൊണ്ടാണ് നടപടികൾ പൂർത്തിയാക്കിയത്. ‘ആ കുടുംബത്തിന് നൽകാൻ പണം എന്റെ കയ്യിലില്ലായിരുന്നു. അവരെ സഹായിക്കൂ എന്ന് മറ്റുള്ളവരോട് പറയുന്നതിനേക്കാൾ നല്ലത് ഞാൻ സഹായിക്കുന്നതല്ലേ’.- അന്ന് അപർണ പറഞ്ഞ വാക്കുകൾ.