വിദ്യാർത്ഥികളെ ഏത്തമിടീക്കൽ: അധ്യാപികയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

തിരുവനന്തപുരം: വിദ്യാർത്ഥികളെ ക്ലാസ് മുറിയിൽ പൂട്ടിയിട്ട് ഏത്തമിടീച്ച സംഭവത്തിൽ അധ്യാപികയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്. തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂളിലെ അധ്യാപികയ്ക്കാണ് ഡി ഇ ഒ യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നോട്ടീസ് നൽകിയത്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശപ്രകാരമാണ് സംഭവത്തിൽ അന്വേഷണം നടത്തിയത്. കഴിഞ്ഞ ദിവസമാണ് അധ്യാപിക വിദ്യാർത്ഥികളെ ക്ലാസ് മുറിയിൽ പൂട്ടിയിട്ട് ഏത്തം ഇടീച്ചത്. ദേശീയ ഗാനം ആലപിക്കുന്നതിനിടെ ക്ലാസിൽ നിന്നിറങ്ങിയതിനായിരുന്നു അധ്യാപികയുടെ ശിക്ഷാനടപടി.

ഇതേത്തുടർന്ന് വിദ്യാർത്ഥികൾക്ക് സ്‌കൂൾ ബസ് കിട്ടാതെ വരികയും സ്വകാര്യബസിൽ കയറി വീട്ടിലെത്തുകയായിരുന്നു. വീട്ടിലെത്താൻ വൈകിയതിനെക്കുറിച്ച് രക്ഷിതാക്കൾ ചോദിച്ചപ്പോഴാണ് കുട്ടികൾ നടന്ന സംഭവം പറഞ്ഞത്. തുടർന്ന് രക്ഷിതാക്കൾ വാട്ട്‌സാപ്പിലൂടെ ഇക്കാര്യം അധികൃതരെ അറിയിച്ചു. തുടർന്നാണ് ഡിഇഒക്ക് പരാതി നൽകുകയും ചെയ്തത്. അധ്യാപികയുടെ മറുപടിക്ക് ശേഷമാകും തുടർനടപടിയിൽ തീരുമാനമെടുക്കുക. ഇത്തരം പ്രാകൃത ശിക്ഷാരീതികൾ ഒഴിവാക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അഭിപ്രായപ്പെട്ടു.