കോട്ടയം: മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തുന്നതിൽ ആർക്കും വിലക്കില്ലെന്നും പ്രോട്ടോകോൾ പാലിക്കണമെന്നുള്ളതാണ് പ്രധാന പ്രശ്നമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ഡോഗ് സ്ക്വാഡിനെ ഉപയോഗിച്ചുള്ള പരിശോധന അംഗീകരിക്കാനാവില്ല. എൻഎസ്എസ് ക്ഷേത്രം പോലെ കാണുന്ന സ്ഥലമാണ് മന്നം സമാധി. ഈ കാരണം കൊണ്ടാണ് അന്ന് സന്ദർശനത്തിന് അനുമതി നിഷേധിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. സുരേഷ് ഗോപിയെ വിലക്കിയത് ബജറ്റ് യോഗത്തിൽ പ്രവേശിക്കുന്നതിലാണ്. വിഷയത്തിൽ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയതാണെന്നും ജി സുകുമാരൻ നായർ പറഞ്ഞു. ഡൽഹിയിൽ എൻഎസ്എസ് പരിപാടിക്കിടയിലുണ്ടായ വിമർശനത്തിൽ ഉപരാഷ്ട്രപതിയും സുരേഷ് ഗോപിയും മറുപടി അർഹിക്കുന്നില്ലെന്ന് സുകുമാരൻ നായർ പറഞ്ഞു. ഇക്കാര്യത്തിൽ പരസ്യ പ്രതികരണത്തിന് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രസ്താവനകൾക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

കേരള സന്ദർശനത്തിനിടെ മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ അനുവദിച്ചില്ലെന്ന ആരോപണത്തിലായിരുന്നു ഉപ രാഷ്ട്രപതി സി പി രാധാകൃഷ്ണൻ ഇന്നലെ സുകുമാരൻ നായർക്കെതിരെ രംഗത്ത് വന്നത്. നിങ്ങളാണ് എല്ലാമെന്ന് കരുതരുതെന്നായിരുന്നു ഡൽഹിയിലെ മന്നം സ്മൃതി മണ്ഡപത്തിന്റെ അനാച്ഛാദന പരിപാടിക്കിടയിലെ അദ്ദേഹത്തിന്റെ വിമർശനം. എല്ലാം മന്നത്ത് പത്മനാഭന്റെ സംഭാവനയാണ്. താനാണ് ജനറൽ സെക്രട്ടറി, ഇന്നയാൾ വരരുത് എന്ന് പറയരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. എല്ലാവർക്കും വരാനാകണം എന്ന നയമാണ് സ്വീകരിക്കേണ്ടതെന്നും സി പി രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടിയിരുന്നു.

























