തൊടുപുഴ: ഇടുക്കി മറയൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. മറയൂർ കാന്തല്ലൂർ സ്വദേശി ചമ്പക്കാട്ടിൽ വിമൽ(57) ആണ് മരിച്ചത്. ഗോത്രവർഗ കോളനി നിവാസിയാണ് മരിച്ചത്. ഇന്നു രാവിലെയായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഇടുക്കി ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ വെച്ചായിരുന്നു സംഭവം. കാട്ടുതീ പടർന്നു പിടിക്കുന്നത് തടയാനായി ഫയർലൈൻ തെളിക്കുന്ന ജോലിക്കായി പോയപ്പോഴാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വനത്തിനുള്ളിൽ വെച്ചായിരുന്നു ആക്രമണം.

ജോലിക്കിടെ അവിടെയെത്തിയ കാട്ടാന വിമലിനെ ആക്രമിക്കുകയായിരുന്നു. വനംവകുപ്പിന്റെ ഫയർലൈൻ പ്രവർത്തനങ്ങളിൽ ആദിവാസി വിഭാഗങ്ങളെക്കൂടി ഒപ്പം കൂട്ടാറുണ്ട്. മുമ്പും ഫയർലൈൻ പ്രവർത്തനങ്ങൾക്കായി വിമൽ പോയിട്ടുണ്ട്. രണ്ടു സ്ത്രീകൾ അടക്കം 9 അംഗ സംഘമാണ് ഫയർലൈൻ ജോലികൾക്കായി പോയിരുന്നത്. ഏറ്റവും പിന്നിലായി പോയ വിമലിനെ കാട്ടാന ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

























