കോട്ടയം: എന്‍ ഡി എ മുന്നണി വിട്ട് പുറത്തുപോയപ്പോള്‍, തനിക്കൊപ്പം എത്ര ഭാരവാഹികള്‍ കൂടി വന്നിട്ടുണ്ടെന്ന് സജി മഞ്ഞക്കടമ്പില്‍ വെളിപ്പെടുത്തണമെന്ന് കേരള കോണ്‍ഗ്രസ് ഡമോക്രാറ്റിക് സംസ്ഥാന വൈസ് ചെയര്‍മാന്‍ രഞ്ജിത്ത് ഏബ്രഹാം തോമസ് ആവശ്യപ്പെട്ടു. രണ്ട് സംസ്ഥാന വൈസ് ചെയര്‍മാന്‍മാരില്‍ ഒരാള്‍ മാത്രമാണ് സജിക്കൊപ്പം പോയത്. 28 സംസ്ഥാന ജനറല്‍ സെക്രട്ടറിമാരില്‍ 3 പേരെ മാത്രമാണ് അന്‍വറിന്റെ പാര്‍ട്ടിയിലേക്ക് കൊണ്ടുപോകാന്‍ സജിക്ക് കഴിഞ്ഞത്. പിന്നെ എന്തടിസ്ഥാനത്തിലാണ് കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് പാര്‍ട്ടി തൃണമൂല്‍ കോണ്‍ഗ്രസില്‍ ലയിച്ചെന്ന് പറയുന്നതെന്ന് സജി വ്യക്തമാക്കണമെന്നും രഞ്ജിത്ത് ആവശ്യപ്പെട്ടു.
പാര്‍ട്ടിയില്‍ ഭൂരിപക്ഷം പേരും തനിക്കൊപ്പമെന്ന് വൈസ് ചെയര്‍മാന്‍ രഞ്ജിത്ത് ഏബ്രഹാം തോമസ് അവകാശപ്പെട്ടു.

കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ നിന്ന് ചവിട്ടി പുറത്താക്കിയപ്പോള്‍ രാഷ്ട്രീയ അഭയം തന്ന എന്‍ ഡി എ മുന്നണിയോട് ആത്മവഞ്ചനയാണ് സജി കാട്ടിയതെന്നും രഞ്ജിത്ത് ഏബ്രഹാം തോമസ് കുറ്റപ്പെടുത്തി.


ബിജെപി നേതൃത്വം നല്‍കുന്ന എന്‍ ഡി എ മുന്നണിക്കൊപ്പം ഉറച്ചു നില്‍ക്കാനാണ് പ്രവര്‍ത്തകരുടെ തീരുമാനം. 14 ജില്ലകളിലും ജില്ലാ സമ്മേളനങ്ങള്‍ വിളിച്ചു ചേര്‍ത്ത് പാര്‍ട്ടിയെ ശക്തമാക്കും. വരുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകളില്‍ വിജയിക്കുകയാണ് പാര്‍ട്ടിയുടെ പ്രധാനലക്ഷ്യമെന്നും രഞ്ജിത്ത് പറഞ്ഞു.
നേതൃയോഗം നാളെ
കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് സംസ്ഥാന നേതൃയോഗം നാളെ (01 – 03 – 2025, ശനിയാഴ്ച) പത്തനംതിട്ടയില്‍ നടക്കും. സംസ്ഥാന വൈസ് ചെയര്‍മാന്‍ രഞ്ജിത്ത് ഏബ്രഹാം തോമസ് ഉദ്ഘാടനം ചെയ്യും.























