വളർത്തു പൂച്ച കാലില്‍ മാന്തി; രക്തം വാര്‍ന്ന് ഉടമ മരിച്ചു

വളർത്തു പൂച്ചയുടെ മാന്തലേറ്റ ഉടമസ്ഥൻ രക്തം വാർന്ന് മരിച്ച നിലയില്‍. റഷ്യയിൽ നിന്നുള്ള 55 കാരനാണ് മരണപ്പെട്ടത്. ഇയാള്‍ പ്രമേഹ രോഗബാധിതനും രക്തം കട്ട പിടിക്കാത്ത പ്രശ്നങ്ങള്‍ നേരിടുന്ന ഒരാളായിരുന്നെന്ന് ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. നവംബർ 22 -ന് റഷ്യയിലെ ലെനിൻഗ്രാഡ് മേഖലയിലെ കിരിഷി ജില്ലയിലാണ് സംഭവം. പൂച്ചയുടെ ഉടമയായ ദിമിത്രി ഉഖിനാണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്.

രണ്ട് ദിവസം മുമ്പ് കാണാതായ തന്‍റെ പൂച്ച സ്റ്റയോപ്കയെ തെരഞ്ഞു കണ്ടുപിടിച്ച് വീട്ടിലെത്തിച്ചതിന് ശേഷമാണ് ഈ ദാരുണമായ സംഭവം നടന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തെരുവിൽ നിന്നും കണ്ടെത്തിയ പൂച്ചയെ ദിമിത്രി വീട്ടിലെത്തിച്ചു ശുശ്രൂഷിക്കുന്നതിനിടയിൽ പൂച്ചയുടെ നഖം കൊണ്ട് അദ്ദേഹത്തിന്‍റെ കാലിൽ മുറിവുണ്ടാക്കുകായയിരുന്നു. വളരെ ചെറിയൊരു മുറിവാണ് കാലിൽ ഉണ്ടായതെങ്കിലും ദിമിത്രിയുടെ ആരോഗ്യപ്രശ്നങ്ങൾ കാര്യങ്ങൾ വഷളാക്കുകയായിരുന്നെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഉയർന്ന രക്തസമ്മർദ്ദവും പ്രമേഹവും ശരീരത്തിൽ രക്തം കട്ട പിടിക്കാത്ത അവസ്ഥയും ഉണ്ടായിരുന്ന അദ്ദേഹം തന്‍റെ രോഗാവസ്ഥയുടെ ഗൗരവം മനസ്സിലാക്കി സഹായത്തിനായി അയൽക്കാരനെ വിളിച്ചു. അയൽക്കാരൻ അടിയന്തര വൈദ്യസഹായം നല്‍കിയെങ്കിലും ആശുപത്രിയില്‍ എത്തിക്കും മുമ്പേ ദിമിത്രി മരണത്തിന് കീഴടങ്ങി.

അതേസമയം മെഡിക്കൽ സംഘം എത്താൻ ഏറെ സമയമെടുത്തതായാണ് മരണത്തിനിടയാക്കിയതെന്ന് അയല്‍വാസി ആരോപിച്ചു.