പെരിയ കേസ് പ്രതികളെ സന്ദര്‍ശിച്ച് പി ജയരാജന്‍

കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസില്‍ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി കണ്ട് സിപിഎം നേതാവ് പി ജയരാജൻ. കമ്മ്യൂണിസ്റ്റുകാരെ തടവറ കാണിച്ച് പേടിപ്പിക്കാനുള്ള ശ്രമം വിജയിക്കാന്‍ പോകുന്നില്ലെന്ന് പി ജയരാജൻ പറഞ്ഞു. എല്ലാ അക്രമ സംഭവങ്ങളും അവസാനിപ്പിക്കണമെന്നതാണ് സിപിഎമ്മിന്റെ കാഴ്ചപ്പാട്. എന്നാല്‍ വലതുപക്ഷ മാധ്യമങ്ങള്‍ക്ക് മാര്‍ക്‌സിസ്റ്റ് വിരുദ്ധ ജ്വരം പിടിപെട്ടിരിക്കുകയാണ്. മാര്‍ക്‌സിസ്റ്റ് വിരുദ്ധ ജ്വരം ബാധിച്ച് പക്ഷപാതപരമായി കാര്യങ്ങള്‍ കാണുന്നത് ശരിയല്ല. മാധ്യമങ്ങളുടെ മാര്‍ക്‌സിസ്റ്റ് വിരുദ്ധ ജ്വരം ജനം പുച്ഛത്തോടെയാണ് കാണുന്നതെന്നും പി ജയരാജന്‍ വിമര്‍ശിച്ചു. പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി കണ്ട് പുസ്തകം സമ്മാനിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു പി ജയരാജന്‍.

‘കെ വി കുഞ്ഞിരാമന്‍, മണികണ്ഠന്‍ ഉള്‍പ്പെടെ അഞ്ചു സഖാക്കളെ കണ്ടു. അവര്‍ക്ക് എന്റെ ഒരു പുസ്തകവും കൊടുത്തു. ജയില്‍ ജീവിതമെന്നാല്‍ കമ്മ്യൂണിസ്റ്റുകാരെ സംബന്ധിച്ച് വായിക്കാനുള്ള അവസരം കൂടിയാണ്. നല്ല വായനക്കാരാണ് അവര്‍. വായിച്ച് അവര്‍ പ്രബുദ്ധരാകും. കമ്മ്യൂണിസ്റ്റുകാരെ തടവറ കാണിച്ച് പേടിപ്പിക്കാനുള്ള ശ്രമം വിജയിക്കാന്‍ പോകുന്നില്ല. തടവറകള്‍ ഒക്കെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് പറഞ്ഞ് വച്ചിട്ടുള്ളതാണ്. സ്വാതന്ത്ര്യസമര കാലത്ത് ആദ്യ കാല നേതാക്കള്‍ക്ക് എതിരെ പെഷവാര്‍, മീററ്റ് തുടങ്ങി പല ഗൂഢാലോചന കേസുകളും ഉണ്ടായി. പാര്‍ട്ടിയുടെ പ്രധാന നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ കേസുകള്‍ വന്നിട്ടുണ്ട്. ഇവിടെ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് സിപിഎമ്മും ആഗ്രഹിക്കുന്നത്. എന്നാല്‍ ഞങ്ങളുടെ ആഗ്രഹത്തിന് ഉപരിയായി ഒട്ടേറെ സംഭവങ്ങള്‍ ഇവിടെ സംഭവിക്കുന്നുണ്ട്. എല്ലാ അക്രമ സംഭവങ്ങളും അവസാനിപ്പിക്കണമെന്നതാണ് സിപിഎമ്മിന്റെ കാഴ്ചപ്പാട്. എന്നാല്‍ വലതുപക്ഷ മാധ്യമങ്ങള്‍ക്ക് മാര്‍ക്‌സിസ്റ്റ് ജ്വരം പിടിപെട്ടിരിക്കുകയാണ്. പെരിയ കേസിലെ വിധിയെ തുടര്‍ന്ന് പ്രചാരത്തില്‍ രണ്ടാമത് നില്‍ക്കുന്ന ഒരു പത്രത്തിന്റെ മുഖപ്രസംഗം പൂര്‍ണമായി വായിച്ചുനോക്കി. കേരളത്തില്‍ നടന്നിട്ടുള്ള രാഷ്ട്രീയ കൊലപാതക കേസുകളെ കുറിച്ചാണ് അതില്‍ പറയുന്നത്. അതിലെല്ലാം കോണ്‍ഗ്രസുകാരാണ്, ആര്‍എസ്എസുകാരാണ്, എസ്ഡിപിഐക്കാരാണ്. സിപിഎമ്മുകാര്‍ കേരളത്തില്‍ കൊല ചെയ്യപ്പെട്ട ഒരു സംഭവവും മറവി രോഗം ബാധിച്ച കേരളത്തിലെ ഒരു പ്രമുഖ പത്രത്തിന്റെ മുഖപ്രസംഗം എഴുത്തുകാരന് ഓര്‍മ്മ വരുന്നില്ല.മറവിരോഗം ബാധിച്ചിരിക്കുകയാണ്. ഇരട്ടക്കൊലയെ കുറിച്ച് പറയുമ്പോള്‍ തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ 2020ല്‍ തിരുവോണത്തിന്റെ തലേദിവസം സിപിഎമ്മിന്റെ രണ്ട് പ്രവര്‍ത്തകന്മാരെ കൊലപ്പെടുത്തിയിട്ടുണ്ട്. മറവി രോഗം ബാധിച്ചിട്ടുള്ള പത്രങ്ങള്‍ക്ക് ഇത് ഇപ്പോള്‍ ഓര്‍മ്മ വരുന്നില്ല. ഇവിടെ ഏത് തരത്തിലുള്ള രാഷ്ട്രീയ കൊലപാതകവും അവസാനിപ്പിക്കണം.അക്രമം അവസാനിപ്പിക്കണം. സമൂഹത്തില്‍ സമാധാനമാണ് ഉണ്ടാവേണ്ടത്’- പി ജയരാജന്‍ ഓര്‍മ്മിപ്പിച്ചു.