ന്യൂഡൽഹി: പത്മ പുരസ്‌ക്കാരങ്ങൾക്കായി കേരളം നിർദ്ദേശിച്ച ഭൂരിപക്ഷം പേരുകളും കേന്ദ്ര സർക്കാർ തള്ളിയതായി റിപ്പോർട്ട്. കെ.എസ് ചിത്രയ്ക്ക് പത്മവിഭൂഷണും മമ്മൂട്ടിയ്ക്ക് പത്മഭൂഷണും പ്രൊഫ.എം.കെ സാനുവിന് പത്മശ്രീയും നൽകണമെന്നായിരുന്നു കേരളത്തിന്റെ ശിപാർശ.

സംസ്ഥാന സർക്കാർ ശിപാർശ പ്രകാരം എഴുത്തുകാരൻ എം.ടി വാസുദേവൻ നായർക്ക് പത്മവിഭൂഷണും ഒളിമ്പ്യൻ പി.ആർ ശ്രീജേഷ് പത്മഭൂഷണും മാത്രമാണ് നൽകിയത്. സംസ്ഥാന സർക്കാർ നൽകിയ 20 അംഗ പട്ടികയിൽ ഇടം പിടിയ്ക്കാത്ത ഹൃദയശസ്ത്രക്രിയാ വിദഗ്ധനായ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിനും സിനിമ താരവും നർത്തകിയുമായ ശോഭനയ്ക്കും പത്മഭൂഷൺ നൽകി. മലയാളി ഫുട്‌ബോൾ താരം ഐ.എം. വിജയൻ, കലാകാരി ഓമനക്കുട്ടിയമ്മ എന്നിവർക്കും പത്മശ്രീ നൽകി.


കേരളം നൽകിയ പട്ടികയിൽ കെ എസ് ചിത്രയ്ക്ക് പത്മവിഭൂഷണനും മമ്മൂട്ടിയ്ക്കും, എഴുത്തുകാരൻ ടി പത്മനാഭനും പത്മഭൂഷണും നൽകണമെന്നായിരുന്നു ശിപാർശ. ഇത് പൂർണ്ണമായും കേന്ദ്രം തഴഞ്ഞു.
പ്രഫ. എം കെ സാനു , സൂര്യ കൃഷ്ണമൂർത്തി, വൈക്കം വിജയലക്ഷ്മി, പുനലൂർ സോമരാജൻ, പത്മിനി തോമസ്, കെ ജയകുമാർ ഐ എ എസ്, വ്യവസായി ടി എസ് കല്യാണരാമൻ എന്നിവർക്ക് പത്മശ്രീ നൽകണമെന്ന കേരളത്തിന്റെ ശിപാർശയും കേന്ദ്രം പരിഗണിച്ചില്ല. കേരളം നൽകിയ പട്ടികയിൽ ഒരാളെ പോലും പത്മശ്രീയ്ക്ക് പരിഗണിച്ചില്ല.























