പഹൽഗാമിൽ കൊല്ലപ്പെട്ട മലയാളി എൻ. രാമചന്ദ്രന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

പഹൽഗാമിൽ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടങ്ങി. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. മൃതദേഹവുമായി രാവിലെ 11.30ന് വിമാനം ശ്രീനഗറിൽ നിന്ന് പുറപ്പെടും. 7.30 നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിക്കുമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. 8 മണിയോടെ പുറത്തിറക്കും. ജില്ല കലക്ടർ മൃതദേഹം ഏറ്റുവാങ്ങും. അതേസമയം, രാമചന്ദ്രനെ കൺമുന്നിൽ വെച്ച് ഭീകരർ കൊലപ്പെടുത്തിയതിന്റെ നടുക്കത്തിലാണ് കുടുംബാംഗങ്ങൾ. കുടുംബത്തോടൊപ്പം വിനോദ സഞ്ചാരത്തിനെത്തിയ രാമചന്ദ്രനെ മകളുടെ മുന്നിൽ വച്ചാണ് സൈനികവേഷത്തിലെത്തിയ ഭീകരർ വെടിയുതിർത്തത്. രാമചന്ദ്രന്റെ ഭൗതിക ദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി ഹൈബി ഈഡൻ എംപി പറഞ്ഞു. കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട നടപടികൾക്ക് തുടക്കം കുറിച്ചിട്ടുണ്ടെന്നും കെ സി വേണുഗോപാൽ വിഷയത്തിൽ നേരിട്ട് ഇടപെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി. അടിയന്തര ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും ഹൈബി ഈഡൻ പറഞ്ഞു.

എറണാകുളം സ്വദേശികളായ 28 പേർ കാശ്മീരിൽ കുടുങ്ങിയെന്ന വിവരവും പുറത്ത് വരുന്നുണ്ട്. ഭീകരാക്രമണം ഉണ്ടായ ശേഷം ശ്രീനഗറിൽ കുടുങ്ങിയതായാണ് വിവരം. എറണാകുളം സ്വദേശികളാണ്. ഇവരെ തിരികെയെത്തിക്കാൻ കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ടുവെന്നും ഹൈബി ഈഡൻ വ്യക്തമാക്കി.