‘പന്തീരാങ്കാവ്’ കേസ്; ഭർത്താവിനെതിരെ വീണ്ടും പരാതിയുമായി യുവതി, അറസ്റ്റ്

കോഴിക്കോട്: ഹൈക്കോടതി റദ്ദാക്കിയ വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ ഉൾപ്പെട്ട യുവതി ഭർത്താവിനെതിരെ പൊലീസിൽ വീണ്ടും പരാതി നൽകി. ഭർത്താവ് രാഹുൽ മർദ്ദിച്ചു എന്നു കാണിച്ചാണ് യുവതി പന്തീരാങ്കാവ് പൊലീസിൽ പരാതി നൽകിയത്. ഭർത്താവ് രാഹുൽ പി ഗോപാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ച് പൊതുസ്ഥലത്ത് ബഹളം ഉണ്ടാക്കിയതിനാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാകും വകുപ്പുകൾ ചുമത്തുകയെന്ന് പൊലീസ് അറിയിച്ചു. മർദ്ദനമേറ്റ ഗുരുതര പരിക്കുകളോടെ ഇന്നലെ രാത്രിയാണ് യുവതിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പന്തീരാങ്കാവിലെ വീട്ടിൽ വെച്ചും ആശുപത്രിയിലേയ്ക്ക് കൊണ്ടു വരുന്ന വഴി ആംബുലൻസിൽ വെച്ചും രാഹുൽ മർദിച്ചെന്നാണ് യുവതി പൊലീസിന് മൊഴി നൽകിയത്. തലയ്ക്കും ചുണ്ടിനും ഇടത്തേ കണ്ണിനും മുറിവേറ്റെന്നും യുവതി പറഞ്ഞു. ഇന്നലെ പരാതി ഇല്ലെന്നു എഴുതി നൽകിയെങ്കിലും ഇന്ന് പരാതി നൽകുകയായിരുന്നു.

മീൻകറിക്ക് പുളി ഇല്ലെന്ന് പറഞ്ഞ് ഭർത്താവ്‌ രാഹുൽ മർദ്ദിച്ചതായാണ് പരാതി. ഞായറാഴ്ചയാണ് ആദ്യം മർദ്ദിച്ചതെന്നും തിങ്കളാഴ്ച വീണ്ടും മർദ്ദിച്ചെന്നുമാണ് പെൺകുട്ടിയുടെ ആരോപണം. ഒന്നരമാസം മുമ്പാണ് ആദ്യ കേസ് ഹൈക്കോടതി റദ്ദാക്കിയത്. തുടർന്ന് ഇരുവരും കോഴിക്കോട്ട് പന്തീരങ്കാവിലെ രാഹുലിന്റെ വീട്ടിൽ താമസിച്ചു വരികയായിരുന്നു. എറണാകുളത്തുനിന്നു മാതാപിതാക്കൾ എത്തിയാൽ നാട്ടിലേക്കു തിരിച്ചുപോകാൻ സൗകര്യം നൽകണമെന്ന് യുവതി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. യുവതി നൽകിയ ആദ്യ പരാതിയിൽ ഭർത്താവ് ഉൾപ്പെടെ 5 പേർക്കെതിരെ കേസെടുത്തിരുന്നു. പിന്നീട് ഭർത്താവ് ഒഴികെ നാലു പേരെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു. ഈ വർഷം മെയ് അഞ്ചിനാണ് പറവൂർ സ്വദേശിയായ യുവതിയും രാഹുലും ഗുരുവായൂരിൽ വെച്ച് വിവാഹിതരായത്. അതേമാസം 12ന് യുവതിയുടെ മാതാപിതാക്കൾ വീട്ടിലെത്തിയപ്പോൾ യുവതിയെ പരിക്കേറ്റ നിലയിൽ കാണുകയായിരുന്നു. തുടർന്നു നൽകിയ പരാതിയിലാണ് ഗാർഹിക പീഡനത്തിനു കേസെടുത്തത്. ഒരുമിച്ചു ജീവിക്കാൻ ഇരുവരും ഹൈക്കോടതിയിൽ നൽകിയ ഒത്തുതീർപ്പ് ഹർജിയിൽ അടുത്തിടെയാണ് ഹൈക്കോടതി കേസ് റദ്ദാക്കിയത്.