കോട്ടയം: മതവിദ്വേഷ പരാമർശക്കേസിൽ അറസ്റ്റ് ചെയ്യാൻ വീട്ടിലെത്തിയ പൊലീസിനെ കബളിപ്പിച്ച് ബിജെപി നേതാവും മുൻ എംഎൽഎയുമായ പി സി ജോർജ് കോടതിയിൽ കീഴടങ്ങി. ഈരാറ്റുപേട്ട കോടതിയിലാണ് പിസി ജോർജ് കീഴടങ്ങിയത്.

പി സി ജോർജിൻറെ അഭിഭാഷകൻ സിറിലും മരുമകൾ പാർവതിയും എത്തിയതിന് പിന്നാലെയാണ് കീഴടങ്ങുന്നതിനായി ജോർജ് കോടതിയിലെത്തിയത്. നിയമം പാലിക്കുമെന്നും താൻ കീഴടങ്ങനാണ് വന്നതെന്നും ജോർജ് മാധ്യമങ്ങളോട് പ്രതികരിച്ചു. കേസിൽ ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയും കോട്ടയം ജില്ലാ സെഷൻസ് കോടതിയും തള്ളിയിരുന്നു. പിന്നാലെ രണ്ട് തവണ ജോർജിന്റെ വീട്ടിൽ പൊലീസ് എത്തിയെങ്കിലും നോട്ടീസ് കൈമാറാനായില്ല. പൊലീസ് അറസ്റ്റ് നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം ജോർജ് തേടിയിരുന്നു. തിങ്കളാഴ്ച ഹാജരാകാമെന്നാണ് പൊലീസിനെ അറിയിച്ചിരുന്നത്. എന്നാൽ, പൊലീസ് നീക്കത്തിന് വഴങ്ങാതെ നാടകീയമായി ജോർജ് കോടതിയിലെത്തി കീഴടങ്ങുകയായിരുന്നു.


ഇക്കഴിഞ്ഞ ജനുവരി ആറിന് ഒരു ചാനൽ ചർച്ചയിൽ പി സി ജോർജ് നടത്തിയ പരാമർശത്തിനെതിരെയാണ് ഈരാറ്റുപേട്ട പൊലീസ് കേസെടുത്തത്.























