കൊച്ചി: കാസർകോട് പെരിയ ഇരട്ടക്കൊ*ല കേസിൽ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഒന്നു മുതൽ എട്ട് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ. ഗൂഢാലോചനയിൽ പങ്കെടുത്ത 10, 15 പ്രതികൾക്കും ഇരട്ട ജീവപര്യന്തം തടവു ശിക്ഷ വിധിച്ചു. മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ അടക്കം നാലു പ്രതികൾക്ക് അഞ്ചു വർഷം തടവും വിധിച്ചു.

കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രസ്താവിച്ചത്. കേസിൽ സിപിഎം നേതാക്കൾ അടക്കം 14 പ്രതികൾ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയിരുന്നു. പത്ത് പ്രതികൾക്കെതിരെ വധശിക്ഷ വരെ കിട്ടാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. രാവിലെ 11 ന് കോടതി ശിക്ഷയിൽ വാദം കേട്ടിരുന്നു. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് സിബിഐ ആവശ്യപ്പെട്ടു. സ്ഥിരം കുറ്റവാളികൾ അല്ലെന്നും, അതിനാൽ വധശിക്ഷ പോലെ പരമാവധി ശിക്ഷ നൽകരുതെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. കുറ്റകൃത്യം അപൂർവങ്ങളിൽ അപൂർവമല്ല. പ്രതികൾക്ക് മാനസാന്തരത്തിന് സാധ്യതയുണ്ട്. അതിനാൽ ശിക്ഷയിൽ പരമാവധി ഇളവ് നൽകണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു.


സിപിഎം നേതാവും ഉദുമ മുൻ എംഎൽഎയുമായ കെ വി കുഞ്ഞിരാമൻ, ഉദുമ സി പി എം മുൻ ഏരിയ സെക്രട്ടറി കെ മണികണ്ഠൻ ഉൾപ്പെടെ 14 പ്രതികൾ കുറ്റക്കാരാണെന്നാണ് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയത്. ആറു വർഷം നീണ്ട നിയമപോരാട്ടത്തിനും, 20 മാസത്തോളം നീണ്ട വിചാരണയ്ക്കും ഒടുവിലാണ് കോടതിയുടെ വിധി പ്രസ്താവം. ഒന്നാം പ്രതി എ പീതാംബരൻ ഉൾപ്പെടെ 10 പ്രതികൾക്കെതിരെയാണ് കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ എന്നീ കുറ്റങ്ങൾ കണ്ടെത്തിയത്. പത്താം പ്രതി ടി രഞ്ജിത്ത് പതിനഞ്ചാം പ്രതി എ സുരേന്ദ്രൻ എന്നിവർ ഈ കുറ്റങ്ങൾക്കു പുറമെ തെളിവു നശിപ്പിച്ചതായും കോടതി കണ്ടെത്തി. കേസിലെ 10 പ്രതികളെ കുറ്റവിമുക്തരാക്കുകയും ചെയ്തിരുന്നു. 2019 ഫെബ്രുവരി 17 രാത്രി 7. 45 ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും രാഷ്ട്രീയ വൈരാഗ്യം മൂലം സിപിഎം പ്രവർത്തകരായ പ്രതികൾ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി എന്നാണ് കേസ്.























