കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിർബന്ധിത ഗർഭഛിദ്രത്തിന് കേസെടുക്കുണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലാണ് പരാതി ലഭിച്ചത്. അഭിഭാഷകനായ ഷിന്റോ സെബാസ്റ്റ്യനാണ് പരാതി നൽകിയത്. ഇതിനോടകം ദൃശ്യമാധ്യമങ്ങളിലടക്കം പുറത്തുവന്ന ഫോൺ സംഭാഷണങ്ങൾ അടക്കം കേസെടുക്കാൻ പര്യാപ്തമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഗുരുതര വകുപ്പുകൾ ചുമത്തേണ്ട കുറ്റകൃത്യമാണ് നടന്നത്. പുറത്തു വന്ന ഫോൺ സംഭാഷണങ്ങളിൽ നിന്നും ഇതു വ്യക്തമാണ്. ആരോപണ വിധേയനായ വ്യക്തി ജനപ്രതിനിധിയും, രാഷ്ട്രീയ സ്വാധീനമുള്ളയാളുമാണ്. എംഎൽഎ സ്ഥാനത്തിരിക്കുന്നതിനാൽ തെളിവുകൾ നശിപ്പിക്കപ്പെടാനും, പരാതിക്കാരെ ഭീഷണിപ്പെടുത്താനും സാധ്യതയുണ്ട്. അതിനാൽ എത്രയും വേഗം എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കണമെന്ന് രേഖാമൂലം നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.

എവിടെയാണ് പരാതിയെന്നും, ആരെങ്കിലും തനിക്കെതിരെ പരാതി നൽകിയിട്ടുണ്ടോയെന്നും മാധ്യമങ്ങളെ കണ്ടപ്പോൾ രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചിരുന്നു. ആരെങ്കിലും പരാതി നൽകിയാൽ നിയമപരമായി നേരിടും. കോടതിയിലടക്കം പോയി തന്റെ നിരപരാധിത്വം തെളിയിക്കുമെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞത്. അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കുന്നതിന്റെയും, മറ്റു വാട്‌സ് ആപ്പ്, ടെലഗ്രാം ചാറ്റുകളും പുറത്തു വന്നിരുന്നു.

























