ന്യൂഡൽഹി: ലൈംഗികാരോപണങ്ങളെത്തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചപ്പോൾ, വിഷയത്തിൽ പ്രതികരിക്കാതെ കെപിസിസി വർക്കിങ് പ്രസിഡന്റ് ഷാഫി പറമ്പിൽ. മാധ്യമങ്ങൾക്ക് മുന്നിൽ വരാതെ ഡൽഹിയിലെ ഫ്‌ലാറ്റിൽ തന്നെ കഴിഞ്ഞ ഷാഫി, വൈകീട്ടോടെ ബിഹാറിലേക്ക് പോയതായാണ് വിവരം. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാനും ഷാഫി പറമ്പിൽ പോയിരുന്നില്ല. ഷാഫി പറമ്പിലിന്റെ നോമിനിയാണ് രാഹുൽ മാങ്കൂട്ടത്തിലെന്ന് നേരത്തെ തന്നെ ആക്ഷേപം ഉയർന്നിരുന്നു.

രാഹുലിനെതിരായ പരാതി അറിയിച്ചിട്ടും ഷാഫി സംരക്ഷണം ഒരുക്കിയെന്നാണ് ആക്ഷേപം. പാലക്കാട് നിയോജക മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി രാഹുൽ മാങ്കൂട്ടത്തിലിനായി ഷാഫി സമ്മർദ്ദം ചെലുത്തിയെന്നും പരാതിയിൽ സൂചിപ്പിക്കുന്നു. പാലക്കാട്ടെ ഒരു വിഭാഗം കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ഷാഫിക്കെതിരെ ഹൈക്കമാൻഡിന് പരാതി നൽകിയത്.

























