വിഐപി സന്ദർശനം: ദിലീപിന് പൊലീസ് ഒരു സഹായവും ചെയ്തിട്ടില്ല, സ്‌പെഷൽ ഓഫീസറുടെ റിപ്പോർട്ട്

കൊച്ചി: സന്നിധാനത്ത് നടൻ ദിലീപിന് പൊലീസ് ഒരു സഹായവും ചെയ്ത് നൽകിയിട്ടില്ലെന്ന് ശബരിമല സ്‌പെഷൽ പൊലീസ് ഓഫീസറുടെ റിപ്പോർട്ട്. ദേവസ്വം ഗാർഡുകളാണ് ദിലീപിന് മുൻനിരയിൽ സ്ഥാനം ഉറപ്പാക്കിയതെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വിഷയം പരിഗണിക്കും. ഹരിവരാസനം കീർത്തനം പാടുന്ന സമയം മുഴുവനും സന്നിധാനത്തിന് മുന്നിൽ നിൽക്കാൻ സൗകര്യം ചെയ്തുകൊടുത്തത് ദേവസ്വം ഗാർഡുകളാണ്. പൊലീസ് ഇക്കാര്യത്തിൽ ഒരു സഹായവും ചെയ്തിട്ടില്ല.

ദിലീപിനും സംഘത്തിനും പൊലീസിന്റെ ഭാഗത്തു നിന്നും ഒരു സംരക്ഷണവും പരിരക്ഷയും നൽകിയിട്ടില്ല. ദിലീപിന് മുൻനിരയിൽ വിഐപി പരിഗണന നൽകിയെന്ന ആരോപണം വിജിലൻസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഇനി ഇത്തരം സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതാണ് എന്നും സന്നിധാനം സ്‌പെഷൽ പൊലീസ് ഓഫീസർ റിപ്പോർട്ടിൽ വ്യക്തമാക്കി.