തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിൽ അക്ഷരതെറ്റുണ്ടായ സംഭവത്തിൽ മെഡൽ നിർമ്മിച്ച കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് അന്വേഷണ റിപ്പോർട്ട്. ഭഗവതി സ്റ്റോഴ്സ് എന്ന സ്ഥാപനമാണ് മെഡൽ നിർമ്മിച്ചത്. അന്വേഷണ സംഘം ഡിജിപിക്ക് റിപ്പോർട്ട് കൈമാറി. മെഡലുകൾ പരിശോധിക്കേണ്ട സമിതിക്കും വീഴ്ച്ച പറ്റിയെന്ന് റിപ്പോർട്ടിൽ പറയുന്നു. 270 മെഡലുകളിൽ 246 എണ്ണത്തിലും പിഴവുണ്ടായിരുന്നു. കേരളപ്പിറവി ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്ത പൊലീസ് മെഡലുകളാണ് ആഭ്യന്തരവകുപ്പിന് നാണക്കേടായാത്. അഭിമാനപൂർവം മെഡൽ സ്വീകരിച്ച പൊലീസുകാർ പിന്നീട് നോക്കിയപ്പോഴാണ് അക്ഷരത്തെറ്റുകൾ ശ്രദ്ധയിൽപെട്ടത്.

മെഡലുകളിൽ മുഖ്യമന്ത്രിയുടെ എന്നതിന് പകരം ‘മുഖ്യമന്ത്രയുടെ’ എന്നാണ് രേഖപ്പെടുത്തിയത്. പോലീസ് മെഡൽ എന്നത് തെറ്റായി ‘പോലസ് മെഡൻ’ എന്നും രേഖപ്പെടുത്തിയിരുന്നു.


മെഡൽ ജേതാക്കളായ പൊലീസുകാർ വിവരം മേലധികാരികളോട് റിപ്പോർട്ട് ചെയ്യുകയായിരുന്നു. പിന്നാലെ ഡി.ജി.പി. വിഷയത്തിൽ ഇടപെട്ടു. എത്രയും പെട്ടെന്ന് മെഡലുകൾ തിരിച്ചുവാങ്ങാൻ ഡി.ജി.പി. നിർദേശം നൽകി. കൂടാതെ, അക്ഷരത്തെറ്റുകൾ തിരുത്തി പുതിയ മെഡലുകൾ നൽകാൻ മെഡലുകൾ നിർമിക്കാൻ കരാറെടുത്ത സ്ഥാപനത്തോടും നിർദേശിക്കുകയായിരുന്നു.























