കൊച്ചിയിൽ ക്ഷേത്രം ശാന്തിക്കാരന് നേരെ ജാതി അധിക്ഷേപം, കേസെടുത്ത് പൊലീസ്

കൊച്ചി: എറണാകുളം വടക്കൻ പറവൂരിൽ ക്ഷേത്രം ശാന്തിക്കാരനെ വിശ്വാസികളുടെ മുന്നിൽ ജാതീയ അധിക്ഷേപം നടത്തിയതായി പരാതി. തത്തപ്പിള്ളി ശ്രീദുർഗാദേവി ക്ഷേത്രത്തിലെ താൽക്കാലിക ശാന്തിക്കാരനായ പി ആർ വിഷ്ണുവിനോട് ക്ഷേത്രത്തിൽ എത്തിയ ജയേഷ് എന്നയാൾ ജാതി ചോദിച്ച് അപമാനിക്കുകയായിരുന്നു. സംഭവത്തിൽ തത്തപ്പിള്ളി മഞ്ജിമ വീട്ടിൽ കെഎസ് ജയേഷിനെതിരെ പറവൂർ പൊലീസ് കേസെടുത്തു. വഴിപാടിന്റെ പ്രസാദം വാങ്ങാനായി അടുത്തെത്തിയ ജയേഷ് വിഷ്ണുവിനോട് ഏത് ജാതിയിൽപ്പെട്ടയാളാണെന്ന് ചോദിച്ചു. പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന ആളാണെന്ന് വിഷ്ണു മറുപടി നൽകി.

തുടർന്ന് ക്ഷേത്രത്തിലെ മറ്റൊരു ജീവനക്കാരനോട് വിഷ്ണുവിന്റെ ജാതി സംബന്ധിച്ച് ജയേഷ് മോശമായ ഭാഷയിൽ സംസാരിച്ചതായും പരാതിയിൽ പറയുന്നു. പൂജ നടത്തുന്നത് ബ്രാഹ്മണനല്ലെങ്കിൽ വഴിപാട് പ്രസാദം വാങ്ങാൻ എത്തില്ലെന്നും ജയേഷ് പറഞ്ഞു. നിരവധി ഭക്തർ ക്ഷേത്രത്തിൽ ഉള്ള സമയത്തായിരുന്നു സംഭവം. മറ്റുള്ളവരുടെ മുന്നിൽ പരസ്യമായി ജാതി ചോദിച്ച് അധിക്ഷേപിച്ചത് മാനസികമായി ഏറെ വിഷമിപ്പിച്ചന്നെ് ചൂണ്ടിക്കാട്ടി വിഷ്ണു പറവൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ജാതി അധിക്ഷേപം നടത്തിയതിന് കെഎസ് ജയേഷിനെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം പൊലീസ് കേസെടുത്തു. കേസിൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണവും ആരംഭിച്ചു.