സമരം ചെയ്യുന്നവർക്ക് ഇത് ആവശ്യമില്ല; മഴ നനയാതിരിക്കാൻ ആശാ പ്രവർത്തകർ കെട്ടിയ ടാർപോളിൻ ബലമായി അഴിച്ചുമാറ്റി പൊലീസ്

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുന്ന ആശാ പ്രവർത്തകർ മഴ നനയാതിരിക്കാൻ കെട്ടിയ ടാർപോളിൻ പൊലീസ് ബലമായി അഴിപ്പിച്ചു. ടാർപോളിൻ കെട്ടി അതിനുതാഴെ പായ വിരിച്ചുകിടന്ന് ഉറങ്ങുകയായിരുന്ന ആശാ പ്രവർത്തകരെ പുലർച്ചെ മൂന്നുമണിയോടെ വിളിച്ചുണർത്തിയാണ് പൊലീസ് ടാർപോളിൻ അഴിപ്പിച്ചത്.

രാവിലെ സമരക്കാർ വീണ്ടും പന്തലിൽ ഷീറ്റ് വലിച്ചുകെട്ടി. ഷീറ്റ് അഴിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും പൊലീസ് രംഗത്തെത്തി. ഓണറേറിയം വർധനയും വിരമിക്കൽ ആനുകൂല്യവും ആവശ്യപ്പെട്ട് ആശാ പ്രവർത്തകർ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തുന്ന രാപകൽ സമരം 21ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ആവശ്യങ്ങളുന്നയിച്ച് ആശാ വർക്കർമാർ തിങ്കളാഴ്ച നിയമസഭയിലേക്ക് മാർച്ച് നടത്തും. സമരം നിയമസഭയിൽ ചർച്ച ചെയ്യുന്ന ദിവസം കൂടിയാണ് നാളെ.

നിയമസഭാ മാർച്ച് നടക്കുന്ന വേളയിൽ പ്രതിപക്ഷം അടിയന്തരപ്രമേയം അവതരിപ്പിക്കുമെന്നാണു വിവരം. സർക്കാർ തള്ളിക്കളഞ്ഞാൽ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു സമര സ്ഥലത്തേക്കു നീങ്ങാനാണു സാധ്യത.