‘സ്ത്രീകളോട് മാപ്പ് ചോദിക്കുന്നു, പ്രതിപക്ഷ പാർട്ടികളുടെ സ്വാര്‍ഥത ബില്ലിനെ പരാജയപ്പെടുത്തി’: നരേന്ദ്ര മോദി

ന്യൂഡൽഹി: വനിതാ സംവരണ ബിൽ പാസാക്കാൻ കഴിയാത്തതിൽ രാജ്യത്തെ എല്ലാ സ്ത്രീകളോടും മാപ്പു ചോദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഇന്ന് ഇന്ത്യയിലെ ഓരോ അമ്മമാരോടും പെൺകുട്ടികളോടും സഹോദരികളോടും സംസാരിക്കാനാണ് വന്നിട്ടുള്ളത്. എങ്ങനെയാണ് ഇന്ത്യയിലെ സ്ത്രീശക്തി ഉയർന്നു പറക്കുന്നതിൽ നിന്ന് എങ്ങനെയാണ് തടഞ്ഞതെന്ന് ഇന്ത്യയിലെ ഓരോരുത്തരും കണ്ടതാണ്. എല്ലാത്തരത്തിലും ശ്രമിച്ചിട്ടും വനിതാ സംവരണ ഭേദഗതി ബിൽ പാസാക്കാനായില്ല. അതിന് എല്ലാ അമ്മമാരോടും സഹോദരിമാരോടും ക്ഷമ ചോദിക്കുന്നു’, പ്രധാനമന്ത്രി പറഞ്ഞു.

രാജ്യമാണ് ഏറ്റവും വലുത്. എന്നാൽ ചിലർക്ക് അങ്ങനെയല്ല. സ്ത്രീ ശാക്തീകരണത്തെ എങ്ങനെ തടഞ്ഞു എന്ന് രാജ്യം കണ്ടുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബില്ല് പരാജയപ്പെട്ടപ്പോൾ പ്രതിപക്ഷം കയ്യടിക്കുകയായിരുന്നു. സ്ത്രീകളിൽ നിന്ന് അധികാരം കവർന്നെടുത്ത് ഇവർ ആഘോഷിക്കുന്നു. സ്ത്രീകളുടെ ആത്മാഭിമാനത്തിൽ മുറിവേൽപ്പിച്ചുവെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. നാരീ ശക്തിയെ പ്രതിപക്ഷം നിസാരമായി കാണുന്നു. സ്വന്തം മണ്ഡലങ്ങളില്‍ ഈ നേതാക്കളെ കാണുമ്പോള്‍ സ്ത്രീകള്‍ ഓര്‍ക്കണം. ഇവരെ ഇനി സഭയില്‍ എത്തിക്കില്ലെന്ന് ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.