തിരുവനന്തപുരം: യുഡിഎഫിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി വി ഡി സതീശൻ കാണിച്ച പൂക്കി എക്‌സ്പ്രഷൻ സോഷ്യൽമീഡിയയിൽ വൈറലാണ്. വാഹന മോഡിഫിക്കേഷനെ കുറിച്ചുള്ള ചോദ്യത്തോടായിരുന്നു രസകരമായ എക്സ്പ്രഷനോട് കൂടിയുള്ള മറുപടി. ‘പൂക്കി മുഖ്യമന്ത്രി’യെന്ന പേരിൽ ഈ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുകയായിരുന്നു.

മുഖ്യമന്ത്രി ചുണ്ടുകടിച്ച് തലയാട്ടി ഒരു ചിരി ചിരിച്ചു. ”പറഞ്ഞിട്ടുണ്ടെങ്കിൽ ചെയ്യും. പറഞ്ഞതൊക്കെ നടത്താനല്ലേ നമ്മൾ വന്നിരിക്കുന്നത്” എന്ന മറുപടിയും പിന്നാലെ വന്നു. മലപ്പുറം നിലമ്പൂർ എടക്കര സ്വദേശി ഫിജിൻ എന്ന യുട്യൂബറുടേതായിരുന്നു ചോദ്യം. ഈ ഒരൊറ്റ ചോദ്യം ചോദിക്കാനാണ് ഫിജിൻ തലസ്ഥാനംവരെ വന്നത്. ”വാക്ക് മാറ്റി പറയുമോ എന്നറിയാനാണ് ചോദിച്ചത്. പക്ഷേ, മുഖ്യമന്ത്രി ഞെട്ടിച്ചുകളഞ്ഞു” -ഫിജിൻ പറഞ്ഞു. ആ ഒരു മിനിറ്റ് ദൃശ്യത്തിന് ഫിജിന് സാമൂഹികമാധ്യമങ്ങളിൽ കിട്ടിയത് 130 ലക്ഷം കാഴ്ചക്കാരെയാണ്. 15 ലക്ഷം ലൈക്ക്. തമിഴ് സംഗീതസംവിധായകൻ അനിരുദ്ധിന്റെ സംഗീതംകൂടി കലർത്തിയായിരുന്നു റീൽ. മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് വിളിപ്പിച്ചിട്ടുണ്ടെന്നും തിങ്കളാഴ്ച നേരിട്ടു കാണുമെന്നും ഫിജിൻ പറഞ്ഞു. ഈ ഭാവത്തെ പല സാഹചര്യങ്ങളിൽ ചേർത്ത് നിരവധി റീലുകളാണ് പുറത്തിറങ്ങിയത്. ‘വാഹനം മോഡിഫൈ ചെയ്യുന്നത് സംബന്ധിച്ച് ഒരു പയ്യനാണ് തന്നോട് ചോദ്യം ചോദിച്ചതെന്നും വാത്സല്യത്തോടെ നൽകിയ മറുപടിയാണിതെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്. കഴിഞ്ഞ ദിവസം രാത്രി മകളാണ് വൈറലാവുന്ന വിഡിയോ കാണിച്ചുതന്നതെന്നും അദ്ദേഹം പറഞ്ഞു.


‘ഒരു പയ്യനാണ് എന്നോട് അത് ചോദിച്ചത്. വാത്സല്യം കൊണ്ട് കാണിച്ചതാണ്. അവനോട് എനിക്കൊരു വാത്സല്യം തോന്നി. അപ്പോഴാണ് പേടിക്കേണ്ടെടാ…ശരിയാക്കാമെന്ന മട്ടിൽ അത് പറഞ്ഞത്. ധൈര്യം ഉണ്ട്. ചെറുപ്പക്കാരുടെ ഇടയിലെ ആഗ്രഹമല്ലേ. വാക്കല്ലേ പറഞ്ഞത് ശരിയാക്കാമെന്ന് പറഞ്ഞു. എന്റെ മോളോട് പറയുന്നതുപോലെ’- വി ഡി സതീശൻ വ്യക്തമാക്കി.























