പൃഥ്വിരാജിന്റെ ബ്രഹ്‍മാണ്ഡ ചിത്രം വീണ്ടും തിയറ്ററുകളിലേക്ക്

പ്രഭാസും, പൃഥ്വിരാജും ഒന്നിച്ചെത്തിയ ബ്രഹ്മാണ്ഡ ചിത്രം സലാർ വീണ്ടും തിയേറ്ററുകളിലേക്ക് എത്തുകയാണ്. മാർച്ച് 21നാണ് ചിത്രത്തിന്റെ റീ-റിലീസ്. പ്രശാന്ത് നീൽ സംവിധാനം ചെയ്ത സലാർ 2023 ൽ ക്രിസ്മസ് റിലീസായാണ് ആദ്യം എത്തിയത്. ഉത്തരേന്ത്യയിലടക്കം വലിയ സ്വീകാര്യതയാണ് സലാറിന് ലഭിച്ചത്. കളക്ഷനിൽ പല റെക്കോർഡുകളും ചിത്രം മറികടന്നിരുന്നു. അന്ന് ആഗോളതലത്തിൽ 600 കോടിയിലധികം രൂപ ചിത്രം നേടിയിരുന്നു.

സംവിധായകൻ പ്രശാന്ത് നീലിന്റേതായി വന്ന ചിത്രത്തിൽ ബാഹുബലി നായകൻ പ്രഭാസും എത്തിയപ്പോഴുള്ള വൻ ഹൈപ്പിലായിരുന്നു സലാർ റിലീസായത്. കെജിഎഫ് എന്ന വമ്പൻ ഹിറ്റിന്റെ സംവിധായകനാണ് പ്രശാനത് നീൽ എന്നതും സലാറിൽ പ്രതീക്ഷകൾ വർദ്ധിപ്പിച്ചു. ആ പ്രതീക്ഷകൾ നിറവേറ്റുന്നതായിരുന്നു സലാർ സിനിമയ്‍ക്ക് രാജ്യമാകെ ലഭിക്കുന്ന സ്വീകരണം. സലാർ ഒരു മികച്ച ആക്ഷൻ ചിത്രമായിട്ട് ഒരു പ്രത്യേക കാലഘട്ടത്തിൽ നടന്ന കഥയാണ് പറയുന്നത്.

കേരളത്തിലെ ആകാംക്ഷ പൃഥ്വിരാജിലായിരുന്നു. പ്രഭാസിനൊപ്പം മലയാളത്തിന്റെ പൃഥ്വിരാജും സലാർ സിനിമയിൽ നിർണായക വേഷത്തിൽ എത്തുമ്പോൾ എങ്ങനെയുണ്ടാകും എന്ന് അറിയാനുള്ള കാത്തിരിപ്പിലായിരുന്നു കേരളം. എന്തായാലും പൃഥ്വിരാജ് സലാറിൽ തന്റെ കഥാപാത്രം മികച്ചതാക്കി എന്നാണ് പൊതുവെയുള്ള അഭിപ്രായങ്ങൾ. പ്രഭാസിനൊപ്പം നിറഞ്ഞുനിൽക്കുന്ന ഒരു കഥാപാത്രമാണ് ചിത്രത്തിൽ പൃഥ്വിരാജിനുള്ളതും. പ്രഭാസിന്റെയും പൃഥ്വിരാജിന്റെയും സലാർ സിനിമയുടെ ഒടിടി റൈറ്റ്സ് നേടിയിരിക്കുന്നത് നെറ്റ്ഫ്ലിക്സ് ആണ്. ഒടിടി റൈറ്റ് വിറ്റത് 120 കോടി രൂപയ്ക്കാണ് എന്നും റിപ്പോർട്ടുകൾ ഉണ്ടായി. ഇത് റെക്കോർഡ് തുകയാണെന്നുമായിരുന്നു റിപ്പോർട്ട്.