വില രണ്ട് ലക്ഷം രൂപ വരെ; നെടുമ്പാശേരി വിമാനത്താവളം വഴി അപൂർവ്വ ഇനം പക്ഷികളെ കടത്തി

കൊച്ചി: നെടുമ്പാശേരി എയർപോർട്ടിൽ വൻ പക്ഷി വേട്ട. വിമാനം ഇറങ്ങിയ തിരുവനന്തപുരം സ്വദേശികളായ ബിന്ദു, ശരത് എന്നിവരിൽ നിന്നാണ് അപൂർവം ഇനത്തിൽപെട്ട 14 പക്ഷികളെ പിടിച്ചെടുത്തത്. യാത്രക്കാരുടെ പെരുമാറ്റത്തിൽ സംശയം തോന്നി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥർ ബാഗേജുകൾ വിശദമായി പരിശോധിച്ചപ്പോഴാണ് പക്ഷികളെ കണ്ടെത്തിയത്.

ചിറകടി ശബ്ദം കേട്ടതിനെ തുടർന്ന് ബാഗ് തുറന്ന് പരിശോധിച്ചപ്പോൾ വേഴാമ്പലുകൾ ഉൾപ്പെടെ അപൂർവം ഇനത്തിൽപെട്ട 14 പക്ഷികളെയാണ് കണ്ടെത്തിയത്. വിദഗ്ധ പരിശോധനകൾക്കും തുടർനടപടികൾക്കുമായി വനം വകുപ്പിന് പക്ഷികളേയും യാത്രക്കാരെയും കൈമാറി. സംഭവത്തിൽ കൊച്ചി കസ്റ്റംസും വനം വകുപ്പും ചേർന്ന് തുടരന്വേഷണം നടത്തും. പിടിച്ചെടുത്തവയിൽ മൂന്ന് തരത്തിൽ പെട്ട പക്ഷികളാണ് ഉണ്ടായിരുന്നത്. 25000 മുതൽ 2 ലക്ഷം രൂപ വരെ വിലയുള്ള പക്ഷികളുണ്ട്, 3 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. 75000 രൂപ പ്രതിഫലത്തിനു വേണ്ടിയാണു പക്ഷികളെ എത്തിച്ചതെന്ന് പ്രതികൾ പറഞ്ഞു. കസ്റ്റംസും വനം വകുപ്പും പ്രതികളെ കൂടുതൽ ചോദ്യം ചെയ്തു വരുകയാണ്.