പ്രിയങ്ക ​ഗാന്ധി നാളെ വയനാട്ടിൽ; കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിക്കും

കൽപ്പറ്റ: പ്രിയങ്ക ​ഗാന്ധി എംപി നാളെ വയനാട്ടിലെത്തും. പഞ്ചാരക്കൊല്ലിയില്‍ നരഭോജി കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് പ്രിയങ്ക ​ഗാന്ധി സന്ദർശിക്കും. ഫോറസ്റ്റ് ഓഫീസിൽ ഉദ്യോ​ഗസ്ഥരുമായി ചർച്ച നടത്തും. ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ കുടുംബത്തെയും കാണും. നാളെ ഉച്ചക്ക് രണ്ട് മണിക്കായിരിക്കും പ്രിയങ്ക ​ഗാന്ധി ബത്തേരിയിലെ വിജയന്റെ വീട്ടിലെത്തുക.

വയനാട്ടിൽ നിരന്തരമായി നടക്കുന്ന വന്യജീവി ആക്രമണത്തിൽ ജനങ്ങൾ ഭീതിയിലാണെന്നും ജനങ്ങളുടെ ആശങ്ക അകറ്റി സുരക്ഷ ഉറപ്പാക്കുന്ന നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടിരുന്നു.