കെഎസ്ആർടിസി ബസിൽ പരുഷന്മാർക്കും സീറ്റ് സംവരണം വേണം; ‘ഗണേഷേട്ടൻ’ ചെയ്തുതരുമെന്ന് നടി പ്രിയങ്ക

കെഎസ്ആർടിസി ബസിൽ പുരുഷന്മാർക്ക് സീറ്റ് സംവരണം വേണമെന്ന ആവശ്യത്തിന് പിന്തുണ അറിയിച്ച് നടി പ്രിയങ്കാ അനൂപ്‌. അന്താരാഷ്ട്ര പുരുഷദിനത്തിൽ ഓൾ കേരള മെൻസ് അസോസിയേഷൻ നടത്തിയ റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക. ആവശ്യം ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ശ്രദ്ധയിൽപ്പെടുത്തണമെന്നും പ്രിയങ്ക പറഞ്ഞു.

‘സ്ത്രീ ഒരു ബസിൽ കയറിയാൽ പാവം പുരുഷൻ മാറി നിൽക്കണോ? ഗർഭിണികൾക്കും പ്രായമായവർക്കും നമ്മുടെ ബഹുമാനം അനുസരിച്ച് മാറിക്കൊടുക്കും. പുരുഷന്മാർക്കും വേണം. ഗണേഷേട്ടൻ എന്നാണ് ഞങ്ങൾ വിളിക്കുന്നത്. ഗണേഷ് കുമാർ മന്ത്രിയായിട്ടിരിക്കുമ്പോൾ ഈ പറയുന്ന കാര്യങ്ങൾ അദ്ദേഹം ചെയ്തുതരും’, പ്രിയങ്ക പറഞ്ഞു.

‘വൈറലാവാൻ വേണ്ടി പറയുന്നതല്ല. ഇന്നുവരെ ഒരു പുരുഷനേയും ഒരു സ്ത്രീ പിന്തുണയ്ക്കുന്നത് ഞാൻ കണ്ടിട്ടില്ല. എന്റെ കുടുംബത്തിലും പുരുഷന്മാരുണ്ട്. എന്തെങ്കിലും പ്രശ്‌നം വന്നാൽ പുരുഷനെ പൊക്കി, അവൻ മാത്രമാണ് തെറ്റുകാരൻ എന്ന് പറയും. തെറ്റ് ചെയ്തത് ഏതാളായാലും ശിക്ഷിക്കണം. പക്ഷേ, തെറ്റുചെയ്യാത്തവരുടെ ഒരുപാട് ആത്മഹത്യകൾ നടക്കുന്നുണ്ട്. പുരുഷന്മാർ വേദന തിന്നുന്നുണ്ട്, കുടിയന്മാരാവുന്നുണ്ട്. ജീവിതം മൊത്തത്തിൽ തകർന്നുപോവുന്നുണ്ട്. എന്താണ് ഫെമിനിസം. ഫെമിനിസം ഒന്നുമല്ല. സ്ത്രീക്കും പുരുഷനും ഒരുപോലെ അവകാശമുണ്ട്’, പ്രിയങ്ക കൂട്ടിച്ചേർത്തു.