തിരുവനന്തപുരം: ജില്ലാ പഞ്ചായത്ത് പോത്തൻകോട് ഡിവിഷനിൽ കോൺഗ്രസ് പ്രഖ്യാപിച്ച ട്രാൻസ്ജെൻഡർ സ്ഥാനാർഥി അമേയ പ്രസാദ് മത്സരിക്കുന്നതിൽ ആശയക്കുഴപ്പം. വനിത സംവരണ സീറ്റിൽ ട്രാൻസ്ജെൻഡറിന് മത്സരിക്കാൻ സാധിക്കില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കുന്നത്. എന്നാൽ താൻ സ്ത്രീ ആണെന്നും വനിത സംവരണ സീറ്റിൽ മത്സരിക്കാൻ സാധിക്കുമെന്നും അമേയ പറയുന്നു.

നിയമപ്രശ്നം നേരിടാൻ സാധ്യതയുള്ളതിനാൽ അമേയക്കൊപ്പം ഒരു ഡമ്മി സ്ഥാനാർഥി കൂടി പത്രിക സമർപ്പിക്കുന്നുണ്ട്. ‘ഇന്ന് പത്രിക സമർപ്പിക്കും. ഞാനൊരു സ്ത്രീയാണ്. എന്റെ സർട്ടിഫിക്കറ്റിൽ എല്ലാം ഫീമെയിൽ എന്ന് തന്നെയാണുള്ളത്. തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡിൽ ട്രാൻസ്ജെൻഡർ എന്ന് വന്നതാണ് പ്രശ്നമായത്. തിരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ചില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കാമെന്നാണ് ലഭിച്ച ഉപദേശം’, അമേയ പ്രസാദ് പറഞ്ഞു.

























