നിരുപാധികം മാപ്പ് പറയണം: നടൻ ജയൻ ചേർത്തലയ്ക്കെതിരെ നിർമ്മാതാക്കളുടെ സംഘടന

കൊച്ചി: താര സംഘടനയായ അമ്മയുടെ ഭാരവാഹി ജയൻ ചേർത്തല നടത്തിയ വാർത്താ സമ്മേളനത്തിനെതിരെ നിർമാതാക്കളുടെ സംഘടന. നിരുപാധികം മാപ്പ് പറഞ്ഞില്ലെങ്കിൽ ജയൻ ചേർത്തലക്കെതിരെ മാനനഷ്ടപരാതി നൽകുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അറിയിക്കുന്നത്. നേരത്തെ സിനിമ രംഗത്തെ തർക്കത്തിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെയും അതിൻറെ ഭാരവാഹി നിർമ്മാതവ് സുരേഷ് കുമാറിനെതിരെ ജയൻ ചേർത്തല പ്രതികരിച്ചിരുന്നു.

കഴിഞ്ഞ ഫെബ്രുവരി 14ന് നടത്തിയ വാർത്ത സമ്മേളനത്തിലാണ് ജയൻ ചേർത്തല നിർമ്മാതാക്കളുടെ സംഘടനയ്ക്കെതിരെ രംഗത്ത് എത്തിയത്. നിർമ്മാതാക്കളുടെ സംഘട ജയൻ ചേർത്തലയ്ക്ക് വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ്. നിർമ്മാതാക്കളുടെ സംഘടന കടക്കെണിയിലായപ്പോൾ താര സംഘടന അമ്മയിൽ നിന്നും പണം ചോദിച്ചുവെന്ന ആരോപണത്തിലാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.

വിവിധ ഷോകളിലൂടെ അമ്മ ഒരു കോടിയോളം രൂപ പ്രൊഡ്യൂസേർസ് അസോസിയേഷൻ നൽകിയെന്ന് ജയൻ ചേർത്തല പറഞ്ഞിരുന്നു. നിർമ്മാതാക്കളുടെ സംഘടനയെ പല കാലത്ത് സഹായിച്ച അമ്മയിലെ അംഗങ്ങൾക്കെതിരെ നിർമ്മാതാക്കൾ അമിത പ്രതിഫലം എന്ന് പറഞ്ഞ് വരുന്നത് ശരിയല്ലെന്നാണ് ജയൻ ചേർത്തല പറഞ്ഞത്.

എന്നാൽ അമ്മയും നിർ‍മ്മാതാക്കളും നടത്തിയ ഷോ വ്യക്തമായ കരാറിൻറെ അടിസ്ഥാനത്തിലാണെന്നും. അതിലെ വരുമാനം പങ്കിടാൻ കരാർ ഉണ്ടായിരുന്നെന്നും, ഇത് അമ്മയുടെ സഹായം അല്ലായിരുന്നുവെന്നുമാണ് നിർമ്മാതാക്കളുടെ സംഘടന വക്കീൽ നോട്ടീസിൽ പറയുന്നത്.