തിരുവനന്തപുരം: ലൈംഗികാതിക്രമ പരാതികളിൽ എം. മുകേഷ് എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കിപ്രതിപക്ഷം. കൊല്ലം ആനന്ദവല്ലീശ്വരത്തെ എം.എം.എ ഓഫീസിലേക്ക് ആർവൈഎഫ് നടത്തിയ മാർച്ച് നേരിയ സംഘർഷത്തിൽ കലാശിച്ചു. പൊലീസിന് നേരെ പ്രതിഷേധക്കാർ കല്ലും ചെരുപ്പും എറിഞ്ഞു. റോഡിൽ സ്ഥാപിച്ചിരുന്ന എംഎൽഎ ഓഫീസിന്റെ ബോർഡ് നശിപ്പിച്ചു. യുഡിഎഫും എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തി. മഹിളാ മോർച്ചയുടെ മാർച്ച് പൊലീസ് തടഞ്ഞതോടെ പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചു. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മുകേഷിൻറെ രാജിക്കായുള്ള മുറവിളി ശക്തമാകുമ്പോഴും എംഎൽഎ സ്ഥാനം രാജിവേക്കേണ്ടെന്ന നിലപാടിൽ തന്നെയാണ് സിപിഎം.

ലൈംഗിക അതിക്രമ പരാതി ഉയർന്ന സാഹചര്യത്തിൽ നടൻ മുകേഷ് ചലച്ചിത്ര നയരൂപീകരണ സമിതിയിൽ നിന്ന് ഒഴിവാകും. സ്ഥാനമൊഴിയാൻ മുകേഷിനോട് സിപിഎം ആവശ്യപ്പെട്ടെന്നാണ് വിവരം.

























