വിവാഹമോചന വിവരം പ്രഖ്യാപിച്ചതിനുപിന്നാലെ ഉയര്‍ന്ന അപവാദപ്രചാരണത്തില്‍ മുന്നറിയിപ്പുമായിസംഗീതജ്ഞൻ എ.ആർ. റഹ്മാൻ. വിദ്വേഷം പരത്തുന്ന സമൂഹമാധ്യമ പോസ്റ്റുകൾ ഉടനടി നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും റഹ്മാൻ അറിയിച്ചു. റഹ്മാനു വേണ്ടി നർമദാ സമ്പത്ത് അസോഷ്യേറ്റ്സ് ആൻഡ് അഡ്വക്കറ്റ്സ് ആണ് വക്കീൽ നോട്ടിസ് അയച്ചിരിക്കുന്നത്.

വിവാഹമോചനവാർത്ത അറിയിച്ചതിനുപിന്നാലെ ചില സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ റഹ്മാന്റെ സ്വകാര്യജീവിതത്തെക്കുറിച്ച് തികച്ചും സാങ്കൽപികവും അപകീർത്തികരവുമായ കഥകൾ പടച്ചുവിട്ടു. റഹ്മാന്റെ ദാമ്പത്യത്തകർച്ചയെക്കുറിച്ചു പറയുന്ന അടിസ്ഥാനരഹിതമായ അഭിമുഖങ്ങളും പ്രചരിച്ചവയിലുണ്ടായിരുന്നെന്നും നോട്ടിസിൽ പറയുന്നു.


പരമാവധി 24 മണിക്കൂറിനുള്ളിൽ വിദ്വേഷകരമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്ന് അറിയിക്കുകയാണ്. അല്ലാത്തപക്ഷം 2023 ലെ ഭാരതീയ ന്യായസംഹിതയിലെ സെക്ഷൻ 356 പ്രകാരമുള്ള നിയമനടപടികൾ സ്വീകരിക്കുന്നതായിരിക്കും, വക്കീൽ നോട്ടിസിൽ പറയുന്നു.
ഏതാനും ദിവസങ്ങൾക്കു മുൻപാണ് എ.ആർ.റഹ്മാനും സൈറ ഭാനുവും ദാമ്പത്യജീവിതം അവസാനിപ്പിക്കുകയാണെന്ന് പരസ്യപ്രഖ്യാപനം നടത്തിയത്. വിവാഹമോചനം സംബന്ധിച്ചുള്ള ചർച്ചകൾ നടക്കവെ, റഹ്മാന്റെ ബാൻഡ് അംഗം മോഹിനി ഡേയും വിവാഹമോചനം നേടിയെന്ന വാർത്ത പുറത്തുവന്നു. പിന്നാലെ ഈ രണ്ട് വിവാഹമോചനങ്ങളും തമ്മിൽ ബന്ധമുണ്ടെന്നു ചൂണ്ടിക്കാട്ടി അനാവശ്യ വിലയിരുത്തലുകളും അനുമാനങ്ങളുമുണ്ടായത്.























