നടി ശ്വേത മേനോനുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി നടൻ റഹ്മാൻ. തന്റെ പൂർണ പിന്തുണ ശ്വേതയ്ക്കാണെന്നും ‘അമ്മ’ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതുകൊണ്ടാണ് ശ്വേതയ്ക്കെതിരെ ആസൂത്രിത നീക്കം നടക്കുന്നതെന്നുംറഹ്മാൻ പറഞ്ഞു. സിനിമ മേഖലയിൽ ഇത്തരം വൃത്തികെട്ട കളികളുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും റഹ്മാൻ സമൂഹമാധ്യമത്തിൽ കുറിച്ചു.

റഹ്മാന്റെ കുറിപ്പിന്റെ പൂർണരൂപം


‘‘പ്രിയപ്പെട്ട ശ്വേത, താങ്കൾക്കെതിരെ ഉയർന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളെക്കുറിച്ച് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി. ശ്വേതയോട് കാണിക്കുന്ന അനീതിയിൽ എനിക്ക് ദേഷ്യം തോന്നുന്നുണ്ട്. ഏകദേശം മൂന്ന് പതിറ്റാണ്ടായി എനിക്ക് നിങ്ങളെ അറിയാം, ഇക്കാലമത്രയും നിങ്ങൾ ഒരു യഥാർഥ സുഹൃത്തായിരുന്നു. സിനിമ മേഖലയിൽ ഞാൻകണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ദയയുള്ള, ആത്മാർഥതയുള്ള ആളുകളിൽ ഒരാളാണ് താങ്കൾ. നമ്മൾ ഒരുമിച്ച് ഒരു സിനിമയിൽ മാത്രമേ പ്രവർത്തിച്ചിട്ടുള്ളൂവെങ്കിലും നമ്മൾ ചെയ്ത ഷോകളും ഒരുമിച്ച് ചെലവഴിച്ച സമയവും മതി നിങ്ങളുടെ സ്വഭാവം മനസ്സിലാക്കാൻ.
ആ ഷോകൾക്കിടയിൽ, നിങ്ങൾ മറ്റുള്ളവരോട് എത്രമാത്രം കരുതൽ കാണിക്കുന്നുണ്ടെന്ന് ഞാൻ നേരിട്ട് കണ്ടതാണ്. സഹ അഭിനേതാക്കളോട്, പ്രത്യേകിച്ച് പുതുമുഖങ്ങളോട്, ക്രൂവിനോട്, സംഘാടകരോട്, അല്ലെങ്കിൽ നിങ്ങളുടെ ആരാധകരോട്, ഇവരോടെക്കെ നിങ്ങൾ കാണിച്ച കരുതലും സ്നേഹവും ഞാൻ കണ്ടതാണ്. അസുഖബാധിതരായ ക്രൂ അംഗങ്ങൾക്ക് നിങ്ങൾ മരുന്നുകൾ വാങ്ങി നൽകിയത് എനിക്കറിയാം. ഒരു നന്ദിയോ അംഗീകാരമോ പ്രതീക്ഷിച്ചല്ല നിങ്ങളത് ചെയ്തത് എന്നെനിക്കറിയാം. അതൊക്കെയും ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട്. സ്ഥാനം പരിഗണിക്കാതെ നിങ്ങൾ എല്ലാവരോടും ബഹുമാനത്തോടെ പെരുമാറി. ആ നിമിഷങ്ങളൊക്കെ നിങ്ങൾ ആരാണെന്ന് എനിക്ക് മനസിലാവുകയായിരുന്നു.























