രാഹുൽ മാങ്കൂട്ടത്തിലിൻറെ രാജി; അന്തിമ തീരുമാനം രാഹുലിനെ കൂടി കേട്ട ശേഷം, കോൺഗ്രസ് നേതൃത്വം

ന്യൂഡൽഹി: രാഹുൽ മാങ്കൂട്ടത്തിലിന് പറയാനുള്ളത് കേട്ട ശേഷമായിരിക്കും അന്തിമ തീരുമാനമെന്ന് കോൺഗ്രസ് നേതൃത്വം. തനിക്ക് വിശദീകരിക്കാനുണ്ടെന്ന് പാർട്ടിയെ രാഹുൽ മാങ്കൂട്ടത്തിൽ അറിയിച്ചു. രാഹുലിനെ കൂടി കേട്ട ശേഷമാകും രാജിയിൽ അന്തിമ തീരുമാനം സ്വീകരിക്കുക. രാജിക്കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടായേക്കില്ല. നീണ്ട ചർച്ചകൾ വേണ്ടിവരുമെന്നാണ് കോൺ​ഗ്രസ് നേതൃത്വം അറിയിക്കുന്നത്. അതേസമയം, വിഷയം വളരെ ഗൗരവതരമാണന്നും തീരുമാനം വൈകില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രതികരിച്ചു.

കടുത്ത ആരോപണങ്ങൾക്ക് പിന്നാലെ പാർട്ടിൽ നേതാക്കൾ രാജി സൂചന നൽകുമ്പോഴും രാജിയില്ലെന്ന് സൂചന നൽകുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ രാജി വെച്ചാൽ പാലക്കാട് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയില്ല. രാജി വെച്ചാൽ ആറ് മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് വ്യവസ്ഥയെങ്കിലും നിയമസഭയ്ക്ക് ഒരു വർഷമോ അതിലധികമോ കാലവധിയുണ്ടാകണമെന്നാണ് ജനപ്രാതിനിധ്യ നിയമത്തിലെ 151 എ വകുപ്പ് വ്യക്തമാക്കുന്നത്. രാഹുൽ ഇന്ന് രാജി വെച്ചാൽ തന്നെ നിയമസഭയുടെ കാലാവധി 9 മാസമേയുള്ളൂ. അതിനാൽ തെരഞ്ഞെടുപ്പ് നടത്താനാവില്ല. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപ് സമാനമായ രീതിയിൽ ഒഴിവ് വന്ന അംബാല, പുനെ, ചന്ദ്രപ്പൂർ, ഗാസിപ്പൂർ തുടങ്ങിയ മണ്ഡലങ്ങളിൽ കമ്മീഷൻ ഉപ തെരഞ്ഞെടുപ്പ് നടത്തിയിരുന്നില്ല.