രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ‘സ്മൈൽ ഭവന’ പദ്ധതി; മുഖ്യാതിഥിയായി അനുശ്രീ

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ‘സ്മൈൽ ഭവന’ പദ്ധതിയുടെ പുതിയ വീടിന്റെ തറക്കല്ലിടൽ ചടങ്ങിൽ മുഖ്യാതിഥിയായി നടി അനുശ്രീ എത്തി. പാലക്കാട് നിയോജക മണ്ഡലത്തിലെ അർഹരായ കുടുംബങ്ങൾക്ക് വീട് നിർമിച്ച് നൽകുന്ന എംഎൽഎയുടെ പദ്ധതിയാണ് ‘സ്മൈൽ ഭവനം’. സ്വന്തമായി വീട് ഇല്ലാത്തവരുടെ സ്വപ്നം യാഥാർഥ്യമാകുന്ന പദ്ധതിയുടെ ഭാഗമായി പങ്കെടുക്കാൻ കഴിഞ്ഞതിൽ താൻ അതീവ സന്തുഷ്ടയാണെന്ന് അനുശ്രീ പറഞ്ഞു.

‘ഒരു വീട് എന്നുള്ളത് എത്രത്തോളം ഒരാൾക്ക് ആവശ്യമുള്ള ഘടകമാണെന്ന് എല്ലാവർക്കും അറിയാം. ഏറ്റവും വലിയ സ്വപ്നമാണ് സ്വന്തമായൊരു വീട്. ഇത്രയും നല്ലൊരു ചടങ്ങിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ വലിയ സന്തോഷം. ഏറ്റവും ഭംഗിയായി വീട് പൂർത്തിയാക്കാൻ കഴിയട്ടെ. ഈ വീട് പൂർത്തിയായി എന്ന് അറിയുന്നതു വരെ എനിക്ക് ടെൻഷനാണ്. ഇത് എന്റെ ആദ്യത്തെ അനുഭവമാണ്. എന്റെ വീടിനു പോലും ഞാൻ കല്ലിട്ടിട്ടില്ല. ഞാൻ പാലക്കാട്ടുകാരിയും തൃശൂർകാരിയുമൊക്കെയാണെന്ന് വിശ്വസിക്കുന്നവരുണ്ട്. അതുകൊണ്ടാണ് പാലക്കാടിനോട് എനിക്ക് ഒരു സ്പെഷൽ സ്നേഹം. വീണ്ടും നിങ്ങളെയൊക്കെ കാണാൻ കഴിയട്ടെ. വീട് പൂർത്തിയാകുമ്പോൾ എത്താം,’ അനുശ്രീ പറഞ്ഞു.

ചുവന്ന പട്ടുസാരി ഉടുത്താണ് അനുശ്രീ ചടങ്ങിനെത്തിയത്. അതേ നിറത്തിലുള്ള കുർത്തയും മുണ്ടുമായിരുന്നു എൽഎൽഎയുടെ വേഷം. ചെണ്ടമേളത്തോടൊപ്പമാണ് അനുശ്രീയെ സ്വീകരിച്ചത്. ആരാധകരോട് സംസാരിച്ചും അവർക്കൊപ്പം ചിത്രങ്ങളെടുത്തുമാണ് അനുശ്രീ മടങ്ങിയത്.