‘പരാതി രാഷ്ട്രീയ ലക്ഷ്യത്തോടെ; പൊതുപ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കാൻ നീക്കം’; ശ്വേത മേനോന് എതിരെ രമേശ് പിഷാരടി

ചലച്ചിത്ര അഭിനേതാക്കളുടെ സംഘടന അമ്മയിലെ വിവാദം ശക്തമാകുന്നു. സംഘടനയുടെ പ്രസിഡന്റ് ശ്വേതാ മേനോന് എതിരെ രമേശ് പിഷാരടി രം​ഗത്തെത്തി. തനിക്കെതിരായ പരാതി രാഷ്ട്രീയ ലക്ഷ്യത്തോടെയെന്നാണ് രമേശ് പിഷാരടിയുടെ വിമർശനം. എറണാകുളം മുൻസിഫ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

തനിക്കെതിരെ ഒരു നിയമപരമായ കാരണവും പരാതിയിൽ വ്യക്തമാക്കിയിട്ടില്ല. തന്റെ പൊതുപ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കാനുമാണ് ശ്വേതയുടെ നീക്കം. അമ്മ സംഘടനയുടെ രേഖകളോ അധികാരമോ ഒരിക്കലും ഏറ്റെടുത്തിട്ടില്ല. അഡ്ഹോക്ക് കമ്മിറ്റി അധ്യക്ഷസ്ഥാനം അടുത്ത ദിവസം തന്നെ ഒഴിഞ്ഞെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. അഡ്‌ഹോക്ക് കമ്മിറ്റിക്ക് എതിരെ ശ്വേത മേനോൻ നൽകിയ ഹർജിയിൽ രമേശ് പിഷാരടി നിലപാട് അറിയിച്ചിരുന്നു. കമ്മിറ്റിയുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്നും, ഒഴിയുകയാണെന്നും കോടതിയെ ബോധിപ്പിച്ചു. അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരണം നിയമവിരുദ്ധമാണ് എന്നായിരുന്നു ശ്വേതാ മേനോന്റെ ഹർജിയിലെ ആരോപണം. അതിനിടെ, കേസിൽ കക്ഷിചേരാൻ നടി അൻസിബ കോടതിയെ സമീപിച്ചിട്ടുണ്ട്.