തിരുവനന്തപുരം: പേവിഷബാധ ഉണ്ടായെന്ന സംശയത്തെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലൻസിൽ നിന്നിറങ്ങിയോടി ഓടയിൽ ചാടിയ യുവാവിന് ദാരുണാന്ത്യം. നെയ്യാറ്റിൻകര സ്വദേശിയായ യുവാവാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നവഴി തിരുവനന്തപുരം ഈഞ്ചയ്ക്കൽ ജംഗ്ഷന് സമീപത്തെ ഓടയിലേക്ക് ഇയാൾ ചാടുകയായിരുന്നു.

പേവിഷബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെത്തുടർന്ന് യുവാവിനെ നെയ്യാറ്റിൻകരയിൽ നിന്നും ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. എന്നാൽ ഈഞ്ചയ്ക്കൽ ഭാഗത്തെത്തിയപ്പോൾ ആംബുലൻസിൽ നിന്നും പുറത്തേക്ക് ചാടി ഓടുകയായിരുന്നു. ദേശീയപാത വികസനം നടക്കുന്ന ഈഞ്ചയ്ക്കൽ ഭാഗത്തെ പുല്ലും കാടും നിറഞ്ഞ വലിയ ഓടയിലേക്കാണ് ഇദ്ദേഹം ചാടിയത്. ഉടൻ തന്നെ ആംബുലൻസ് ജീവനക്കാരും നാട്ടുകാരും ചേർന്ന് പുറത്തെടുത്ത് വീണ്ടും ആംബുലൻസിൽ കയറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീഴ്ചയുടെ ആഘാതമാണോ പേവിഷബാധയാണോ മരണകാരണമെന്ന് വ്യക്തമല്ല.

























