വേടന്റേത് ഏഴുവർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം, പുലിപ്പല്ല് ആരാധകൻ നൽകിയതാണോ എന്ന് തെളിയിക്കണം: മന്ത്രി എ കെ ശശീന്ദ്രൻ

കൊച്ചി: റാപ്പർ വേടനെതിരായ പുലിപ്പല്ല് കേസിൽ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. പുലിപ്പല്ല് ആരാധകൻ നൽകിയതാണോ എന്ന് കോടതിയിൽ തെളിയിക്കണമെന്ന് ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. വേടനെതിരെ ( ഹിരൺ ദാസ് മുരളി) ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ലഹരിയുമായി ബന്ധപ്പെട്ട് എക്‌സൈസ് ഡിപ്പാർട്ട്‌മെന്റ് നടത്തുന്ന റെയ്ഡിനിടെയാണ് വേടൻ ഉൾപ്പെടയുള്ളവരെ കസ്റ്റഡിയിലെടുത്ത് തുടർനടപടികൾ സ്വീകരിച്ചത്. ആ ഘട്ടത്തിൽ കൈവശം ഉണ്ടായിരുന്ന ചെയിനിൽ പുലിപ്പല്ല് ഉള്ളക്കാര്യം പൊലീസാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ അറിയിച്ചത്. ഇത് ശരിയാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്ത ശേഷം വേടനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നത്. കേസിൽ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ സമർപ്പിക്കും. ശിക്ഷാനടപടികൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കുന്നത് കോടതിയാണ്. പുലിപ്പല്ല് ആരാധകൻ നൽകിയതാണോ എന്ന് വേടൻ കോടതിയിൽ തെളിയിക്കണമെന്നും മന്ത്രി വ്യക്തമാക്കി. നേരത്തെ തന്നെ വേടൻ ഫോറസ്റ്റ് വിജിലൻസിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നും മന്ത്രി അറിയിച്ചു. വനം വകുപ്പിന്റെ വിജിലൻസ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് മാലയിലേത് യഥാർഥ പുലിപ്പല്ലാണെന്ന നിഗമനത്തിൽ എത്തിച്ചേർന്നത്. പുലിപ്പല്ല് കൈമാറിയത് രഞ്ജിത്ത് എന്നയാളാണെന്നും ചെന്നൈയിൽവച്ചാണ് കൈമാറിയതെന്നുമാണ് വേടന്റെ മൊഴി. ഇയാൾ മലേഷ്യയിൽ സ്ഥിരതാമസക്കാരനാണെന്നും മൊഴിയിലുണ്ട്.

രഞ്ജിത്ത് എന്നയാളെ കേന്ദ്രീകരിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാൾക്ക് ഇത് എവിടെ നിന്ന് കിട്ടി എന്നതടക്കം അന്വേഷിക്കുമെന്നാണ് വിവരം.