സർക്കാർ ആശുപത്രിയിൽ നവജാതശിശുക്കളെ എലി കടിച്ചു, ഒരു കുഞ്ഞ് മരിച്ചു; സംഭവം മധ്യപ്രദേശിൽ

ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിലെ ആശുപത്രിയിൽ ഐസിയുവിലായിരുന്ന രണ്ട് നവജാതശിശുക്കളെ എലി കടിച്ചു. കടിയേറ്റ ഒരു കുഞ്ഞ് മരിച്ചു. മരണകാരണം ന്യുമോണിയ എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. മഹാരാജ യശ്വന്ത്‌റാവു സർക്കാർ ആശുപത്രിയിലാണ് സംഭവം നടന്നത്. ആശുപത്രി വാർഡിലെ പലയിടങ്ങളിലും എലികൾ വിഹരിക്കുന്നതായുള്ള വിഡിയോകളും പുറത്തെത്തിയിട്ടുണ്ട്. ഐസിയുവിൽ ചികിത്സയിലായിരുന്ന രണ്ടു കുഞ്ഞുങ്ങൾക്കാണ് എലിയുടെ കടിയേറ്റത്.

ഒരു കുഞ്ഞിന്റെ വിരലിലും രണ്ടാമത്തെ കുഞ്ഞിന്റെ തലയിലും തോളിലുമാണ് എലി കടിച്ചത്. കുഞ്ഞുങ്ങളുടെ ശരീരത്തിൽ മുറിവുകൾ കണ്ടതിനെ തുടർന്ന് നഴ്‌സുമാർ ആശുപത്രി അധികൃതരെ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ സിസിടിവി പരിശോധനയിലാണ് ഐസിയുവിൽ എലികളെ കണ്ടെത്തിയത്. നവജാത ശിശുവിന്റെ മരണകാരണം ന്യുമോണിയ ആണെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവത്തെ തുടർന്ന് ആശുപത്രിയിലെ സൂപ്രണ്ടിനെയും നേഴ്‌സുമാരെയും സസ്‌പെൻഡ് ചെയ്തു. കീടനിയന്ത്രണത്തിന് ചുമതല ഉള്ള കമ്പനിക്ക് ഒരു ലക്ഷം രൂപ പിഴച്ചുമത്തി. എലിയുടെ കടിയേറ്റ രണ്ടാമത്തെ കുഞ്ഞ് ശസ്ത്രക്രിയയ്ക്ക് വിധേയനായി നിലവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ആശുപത്രിയിൽ ചികിത്സയിലാണ്.