നിപ : പനി ബാധിച്ച കുട്ടികളുടെ ഫലം നെഗറ്റീവ്

പാലക്കാട്: നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന പാലക്കാട് തച്ചനാട്ടുകര സ്വദേശിയുടെ അടുത്ത ബന്ധുക്കളുടെ പരിശോധനാ ഫലം നെഗറ്റീവ്. ചികിത്സയിലുള്ള 38 കാരിയുടെ അടുത്ത ബന്ധുവായ പത്തു വയസ്സുകാരിയുടേയും, യുവതിയുടെ മകളുടേയും സാംപിൾ പരിശോധനയിലാണ് നെഗറ്റീവ് ആണെന്ന റിസൾട്ട് ലഭിച്ചിട്ടുള്ളത്. പനി ബാധിച്ചതിനെത്തുടർന്ന് കുട്ടികളെ മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നിപ ബാധിച്ച് ചികിത്സയിലുള്ള യുവതിയുമായി നേരിട്ട് സമ്പർക്കം പുലർത്തിയിരുന്ന കുട്ടികൾക്കാണ് പനി ലക്ഷണം കണ്ടത്. രോഗവ്യാപന ഭീതി കണക്കിലെടുത്ത്, സാംപിൾ വിശദ പരിശോധയ്ക്ക് അയക്കുകയായിരുന്നു. ഈ റിസൾട്ട് നെഗറ്റീവ് അയത് ആരോഗ്യവകുപ്പിന് ആശ്വാസകരമായിട്ടുണ്ട്. നിലവിൽ 91 പേരാണ് നിപ ബാധിച്ച് ചികിത്സയിലുള്ള 38 കാരിയുമായി നേരിട്ട് സമ്പർക്കപ്പട്ടികയിലുള്ളത്.

ഈ പട്ടികയിലുള്ളവരെയെല്ലാം പരിശോധിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. നിപ ബാധിച്ച യുവതിയെ പെരുന്തൽമണ്ണയിൽ നിന്നും കഴിഞ്ഞദിവസം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മെഡിക്കൽ കോളജിലെ നിപ വാർഡിൽ യുവതിയെ പ്രവേശിപ്പിച്ചിരിക്കുകയാണ്.