റെയിൽവേ ട്രാക്കിൽ തലവെച്ച് കിടന്നു; മൻസൂർ അലിഖാനെതിരെ കേസ്

ട്രിച്ചി: തമിഴ് നടനും ലാൽഗുഡി മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥിയുമായ മൻസൂർ അലിഖാനെതിരെ കേസെടുത്ത് റെയിൽവേ പൊലീസ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കല്ലക്കുടി പഴങ്കനാഥം സ്റ്റേഷനിലെ റെയിൽവേ ട്രാക്കിൽ തലവെച്ച് കിടന്ന സംഭവത്തിലാണ് കേസ്. 1953-ൽ മുൻ മുഖ്യമന്ത്രി എം കരുണാനിധി കല്ലക്കുടിയിൽ നടത്തിയ ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന്റെ പുനരാവിഷ്‌കാരമാണിതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പൊലീസെത്തിയാണ് നടനെ ട്രാക്കിൽ നിന്ന് മാറ്റിയത്. പാളത്തിൽ അതിക്രമിച്ചുകടന്ന് തടസ്സമുണ്ടാക്കിയതിനും അപമര്യാദയായി പെരുമാറിയതിനും നടനെതിരെ കേസെടുത്തു.

തമിഴ്നാട്ടിൽ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിൽ പ്രതിഷേധിച്ച് 1953-ൽ മുൻമുഖ്യമന്ത്രി എം കരുണാനിധി കല്ലക്കുടി പാളത്തിൽ തലവെച്ചത് വലിയ വാർത്തയായിരുന്നു.

കല്ലക്കുടിയിൽ എത്തിയപ്പോൾ കരുണാനിധിയുടെ പ്രതിഷേധം മനസ്സിലെത്തിയെന്നും പ്രചാരണത്തിന്റെ ഭാഗമായി അത് പുനരവതരിപ്പിക്കുകയായിരുന്നുവെന്നുമായിരുന്നു മൻസൂർ അലിഖാന്റെ പ്രതികരണം. ഇന്ത്യ ജനനായക പുലികൾ കക്ഷി എന്ന പേരിൽ പാർട്ടിയുണ്ടാക്കിയ മൻസൂർ അലിഖാൻ തിങ്കളാഴ്ചയാണ് ലാൽഗുഡിയിൽ നാമനിർദേശപത്രിക സമർപ്പിച്ചത്.