പത്തനംതിട്ട: ശബരിമലയിൽ ദർശനം ലഭിക്കാതെ മലയാളികൾ ഉൾപ്പെടെയുള്ള നിരവധി ഭക്തർ ഇന്നും പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിലെത്തി ഇരുമുടി കെട്ട് അഴിച്ച് നെയ്യഭിഷേഖം നടത്തി മാലയൂരി മടങ്ങി. ഇന്നലത്തെ തിരക്കിൽപെട്ട് ദർശനം നടത്താൻ കഴിയാതെ മടങ്ങിയവരാണ് പന്തളത്തെത്തി മാലയൂരിയശേഷം മടങ്ങി പോയത്. പാരിപ്പള്ളിയിൽ നിന്ന് എത്തിയ സ്ത്രീകളടക്കമുള്ള 17 അംഗ തീർത്ഥാടക സംഘവും ദർശനം നടത്താതെ മടങ്ങി. ഇന്നലെ ഉച്ചയ്ക്ക് പമ്പയിൽ എത്തിയ സംഘം മരക്കൂട്ടം വരെ എത്തിയിരുന്നു. എന്നാൽ, തുടർന്നുള്ള മലകയറ്റം വലിയ തിരക്ക് മൂലം നടന്നില്ലെന്നും യാതൊരുവിധ സൗകര്യവും ഉണ്ടായിരുന്നില്ലെന്നും തീർത്ഥാടകർ പറയുന്നു. പന്തളത്ത് പോയി ഇരുമുടി കെട്ട് സമർപ്പിച്ച് മടങ്ങുമെന്നും പാരിപ്പള്ളിയിൽ നിന്നുള്ള തീർത്ഥാടകർ പറഞ്ഞു.

വർഷങ്ങളായി ശബരിമലയിൽ വന്നിട്ടും ഇങ്ങനെയൊരു അനുഭവം ആദ്യമായിട്ടാണെന്നും തീർത്ഥാടകർ പറഞ്ഞു. ഇന്നലെ വലിയരീതിയിലുള്ള തിരക്കുണ്ടായിരുന്നു. ഇന്നലെ രാവിലെ മുതൽ തിരക്ക് നിയന്ത്രണാതീതമായിരുന്നു. തുടർന്ന് ഉച്ചയ്ക്കുശേഷം ദർശന സമയവും നീട്ടിയിരുന്നു. ഇന്നലെ ആവശ്യത്തിന് സൗകര്യമില്ലാതെ തീർത്ഥാടകർ വലഞ്ഞിരുന്നു. ഇന്നലെയും നിരവധി പേർ ദർശനം കിട്ടാതെ മടങ്ങിയ സംഭവമുണ്ടായിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് കാര്യങ്ങൾ നിയന്ത്രണവിധേയമാക്കിയിരുന്നെങ്കിലും തിരക്ക് കുറഞ്ഞിരുന്നില്ല. ഇന്ന് രാവിലെയോടെയാണ് നിയന്ത്രണം കടുപ്പിച്ചതോടെ കാര്യങ്ങൾ ഏറെക്കുറെ നിയന്ത്രണവിധേയമായത്. ഇന്ന് രാവിലെ മുതൽ തിരക്കുണ്ടെങ്കിലും നിയന്ത്രണവിധേയമാണ്.

























