ശബരിമലയിൽ നിന്നും ഒരു തരി പൊന്ന് ആരെങ്കിലും അടിച്ചു മാറ്റിയിട്ടുണ്ടെങ്കിൽ അത് തിരിച്ചു വെപ്പിക്കും: മന്ത്രി വി എൻ വാസവൻ

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിൽ നിന്നും ഒരു തരി പൊന്ന് ആരെങ്കിലും അടിച്ചു മാറ്റിയിട്ടുണ്ടെങ്കിൽ അത് തിരിച്ചു വെപ്പിക്കുമെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ. അത്തരം പ്രവൃത്തി ചെയ്തവരെ കയ്യാമം വെച്ച് കൽത്തുറുങ്കിൽ അടയ്ക്കാൻ ശേഷിയുള്ള സർക്കാരാണ് ഇന്നു കേരളത്തിലുള്ളത്. നിശ്ചയമായും അതു ചെയ്തിരിക്കുമെന്നതിൽ സംശയം വേണ്ടെന്നും മന്ത്രി വാസവൻ നിയമസഭയിൽ പറഞ്ഞു. അതു ചെയ്യുന്നതിന് പ്രതിപക്ഷം എന്തിനാണ് തടസ്സം സൃഷ്ടിക്കുന്നതെന്ന് മന്ത്രി വാസവൻ ചോദിച്ചു. അവർ എന്തിനെയാണ് ഭയപ്പെടുന്നത്?. ശബരിമലയോട് ഏതെങ്കിലും തരത്തിൽ താൽപ്പര്യമുണ്ടെങ്കിൽ, വിശ്വാസി സമൂഹത്തോട് ഏതെങ്കിലും തരത്തിൽ താൽപ്പര്യമുണ്ടെങ്കിൽ, പ്രതിപക്ഷം ഈ വിഷയത്തിൽ സർക്കാരിനോട് സഹകരിക്കുകയല്ലേ വേണ്ടത്.

ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണ് ഈ വിഷയത്തിൽ അന്വേഷണം നടക്കുന്നത്. അത്തരമൊരു അന്വേഷണത്തോട് സഹകരിച്ച്, എന്തെങ്കിലും തെളിവു നൽകാനുണ്ടെങ്കിൽ അതു നൽകുകയല്ലേ ചെയ്യേണ്ടത്. പ്രതിപക്ഷത്തിന്റെ അവസ്ഥ പത്മവ്യൂഹത്തിൽ അകപ്പെട്ട അഭിമന്യുവിനെപ്പോലെയാണെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു. ആഗോള അയ്യപ്പസംഗമം വിശ്വാസികൾ അംഗീകരിച്ചു. നസ്രത്തിൽ നിന്നും നന്മ പ്രതീക്ഷിക്കരുതെന്നും വി എൻ വാസവൻ പ്രതിപക്ഷത്തെ വിമർശിച്ചു.