കഫ് സിറപ്പ് ദുരന്തം: ഫാർമ ഉടമ അറസ്റ്റിൽ, മരണസംഖ്യ 21 ആയി

ഭോപ്പാൽ: ചുമ മരുന്ന് കഴിച്ച് കുട്ടികളുടെ മരണത്തിൽ ശ്രീശൻ ഫാർമ ഉടമ രംഗനാഥനെ മധ്യപ്രദേശ് പൊലീസ് ചെന്നൈയിൽ നിന്ന് അറസ്റ്റ് ചെയ്തു. കോൾഡ്രിഫ് സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ചതിനു പിന്നാലെ കമ്പനി ഉടമയായ രംഗനാഥനും കുടുംബവും ഒളിവിൽ പോയിരുന്നു. പിന്നാലെ എസ്ഐടി രൂപീകരിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് ഫാർമ കമ്പനി ഉടമ പിടിയിലായത്. അതേസമയം, കഫ് സിറപ്പ് കഴിച്ച് മധ്യപ്രദേശിൽ രണ്ട് കുട്ടികൾ കൂടി മരിച്ചു. ഇതോടെ മധ്യപ്രദേശിൽ കഫ് സിറപ്പ് ദുരന്തത്തിൽ മരിച്ച കുട്ടികളുടെ എണ്ണം 21 ആയി ഉയർന്നു.

ചിന്ദ്വാര ജില്ലയിൽ മാത്രം 18 കുട്ടികളാണ് മരിച്ചത്. അതേസമയം ഇന്നലെ മരിച്ച 2 കുട്ടികളും ചിന്ദ്വാര ജില്ലയ്ക്ക് പുറത്തുള്ളവരാണ്. അയൽ ജില്ലകളായ ബേതുൽ, പാണ്ഡുർന ജില്ലകളിലായി മൂന്ന് കുട്ടികളാണ് മരിച്ചത്. കഫ് സിറപ്പ് കഴിച്ച് നാഗ്പുരിൽ ചികിത്സയിൽ കഴിയുന്ന അഞ്ച് കുട്ടികൾ ഇപ്പോഴും ഗുരുതരാവസ്ഥയിൽ തുടരുകയാണ്. കഫ് സിറപ്പ് നിർമിച്ച കാഞ്ചീപുരത്തെ ശ്രേസൻ ഫാർമ യൂണിറ്റുകളിൽ എസ്‌ഐടി പരിശോധന സംഘം പരിശോധന തുടരുകയാണ്. കോൾഡ്രിഫ് സിറപ്പ് കഴിച്ച് മരിച്ച കുട്ടികളിൽ വൃക്കസംബന്ധമായ തകരാറുകൾ കണ്ടെത്തിയിട്ടുണ്ട്. സിറപ്പിൽ 48.6% ഡൈഎത്തിലീൻ ഗ്ലൈക്കോൾ അടങ്ങിയിരുന്നതായി എസ്ഐടി കണ്ടെത്തിയിരുന്നു. വ്യവസായിക മേഖലയിൽ ഉപയോഗിക്കുന്ന ഒരു വിഷ രാസവസ്തുവാണ് ഇത്.

അതേസമയം, സിറപ്പ് കഴിച്ച് ചികിത്സയിലായിരുന്ന പ്രതീക് പവാർ എന്ന ഒരു വയസ്സുള്ള ആൺകുട്ടിക്ക് രോഗം ഭേദമായി. നാഗ്പുരിലെ ഒരു ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടി കഴിഞ്ഞ ദിവസം രോഗമുക്തി നേടിയതായി അധികൃതർ അറിയിച്ചു.